ന്യൂഡല്‍ഹി : ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച് ടെലികോം കമ്പനികള്‍ വിരുദ്ധ ധ്രുവങ്ങളില്‍. ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്ന് റിലയന്‍സ് ജിയോ വീണ്ടും ടെലികോം റെഗുലേറ്ററി അതോറിറ്റിയോടു ശുപാര്‍ശ ചെയ്തു. എന്നാല്‍ എതിരാളിയായ എയര്‍ടെല്‍ ലേലം വേണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രത്തിന് ലോകത്തെവിടെയും ലേലമില്ലെന്നാണ് എയര്‍ടെല്ലിന്റെ വാദം. എയര്‍ടെല്ലിനു പങ്കാളിത്തമുള്ളതാണു വണ്‍വെബ് എന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം. ലേലമില്ലാതെ സ്‌പെക്ട്രം നേരിട്ടു നല്‍കുന്ന (അഡ്മിനിസ്‌ട്രേറ്റീവ് അലോക്കേഷന്‍) രീതി നിയമപരമായി നിലനില്‍ക്കില്ലെന്ന് ട്രായിക്കു നല്‍കിയ കത്തില്‍ റിലയന്‍സ് ജിയോ ചൂണ്ടിക്കാട്ടി.
5ജി, ഉപഗ്രഹ ഇന്റര്‍നെറ്റ് എന്നിവയ്‌ക്കെല്ലാം ഒരേ സ്‌പെക്ട്രം ബാന്‍ഡ് ആവശ്യമായി വരും. ഇവ നല്‍കുന്നതിനു നിയമപരമായ ഒരേയൊരു വഴി ലേലമാണെന്നു വിവിധ സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജിയോ വാദിക്കുന്നു. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.