ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുള്ള ചുമ 2-3 ആഴ്ചയിലേറെ നീണ്ടാല്‍ ക്ഷയത്തിന്റേത് ഉള്‍പ്പെടെ മറ്റു പരിശോധനകള്‍ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. കോവിഡ് ചികിത്സയില്‍ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറും മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ ടോസിലിസുമാബും മാത്രമാണെന്നും ഡല്‍ഹി എയിംസിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മാര്‍ഗരേഖയിലുണ്ട്. വിപരീതഫലം ഉണ്ടാകുമെന്ന ആശങ്ക മൂലം ആന്റിവൈറല്‍ മരുന്നായ മോല്‍നുപിരാവിര്‍ ഉള്‍പ്പെടുത്തിയില്ല.
* റെംഡിസിവിര്‍: ഓക്‌സിജന്‍ സഹായം ആവശ്യമുള്ളവര്‍ക്കും ഇടത്തരം, ഗുരുതര കോവിഡ് ബാധയുള്ളവര്‍ക്കും നല്‍കാം. കോവിഡ് ലക്ഷണങ്ങള്‍ തുടങ്ങി 10 ദിവസത്തിനുള്ളില്‍ തന്നെ മരുന്നു കഴിക്കണം. വൃക്കരോഗം, കരള്‍വീക്കം എന്നിവ ഗുരുതരമായവര്‍ക്കു നല്‍കരുത്.
* ടോസിലിസുമാബ്: അതീവഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഐസിയുവില്‍ പ്രവേശിപ്പിച്ച് 24- 48 മണിക്കൂറിനുള്ളില്‍ നല്‍കണം. ശ്വാസകോശത്തെ ബാധിക്കുന്ന സൈറ്റോകൈന്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥയിലാണ് ഇതുപയോഗിക്കേണ്ടത്. മറ്റു മരുന്നുകള്‍ ഫലപ്രദമാകാത്ത ചികിത്സയുടെ അവസാനഘട്ടത്തിലും ഉപയോഗിക്കാം.
ആരാണ് ഹൈ റിസ്‌ക്
കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള ‘ഹൈ റിസ്‌ക്’ വിഭാഗം സംബന്ധിച്ച് പുതിയ ചികിത്സാ മാര്‍ഗരേഖയിലെ നിര്‍വചനമിങ്ങനെ: 60 വയസ്സിനു മുകളിലുള്ളവര്‍, അമിതവണ്ണമുള്ളവര്‍, ഹൃദയസംബന്ധമായ പ്രശ്‌നം, പ്രമേഹം, എച്ച്‌ഐവി ഉള്‍പ്പെടെ രോഗങ്ങള്‍ മൂലം പ്രതിരോധശേഷി കുറഞ്ഞവര്‍, ക്ഷയബാധിതര്‍, ശ്വാസകോശം, കരള്‍, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവര്‍, മസ്തിഷ്‌ക പ്രശ്‌നമുള്ളവര്‍.
ഇവര്‍ക്കു നേരിയ രോഗബാധയാണെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഹോം ഐസലേഷന്‍ പാടുള്ളൂ.
നേരിയ കോവിഡ് വിഭാഗം
ശ്വാസകോശത്തെ കാര്യമായി ബാധിക്കാത്തവര്‍. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്ലെന്നും പനി 5 ദിവസത്തിലേറെ നീളുന്നില്ലെന്നും ഉറപ്പാക്കണം.
രക്തത്തിലെ ഓക്‌സിജന്‍ അളവ് 90നു താഴെയാകുക, ശ്വാസമിടിപ്പ് മിനിറ്റില്‍ 30ല്‍ കൂടുതലാകുക തുടങ്ങിയവ ഗുരുതര സാഹചര്യമായി കണ്ട്, ഐസിയുവിലേക്കു മാറ്റണം.