രക്തത്തെ ശുചീകരിക്കാനും മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളാനും സഹായിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ മൂത്രസഞ്ചിയില്‍ നിന്ന് ഇടയ്ക്കിടെ മൂത്രം കൃത്യമായി പുറന്തള്ളപ്പെടും. എന്നാല്‍ ചിലപ്പോള്‍ ഉപ്പ് പരലുകളും ചില ധാതുക്കളും അടിഞ്ഞ് കല്ലുകള്‍ വൃക്കകളില്‍ രൂപപ്പെടാറുണ്ട്. ഇത് മൂത്രത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും വേദനാജനകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
സിഎ ഓക്സലേറ്റ്, സിഎ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് സ്റ്റോണ്‍, ഇന്‍ഫെക്‌ഷന്‍ സ്റ്റോണ്‍ എന്നിങ്ങനെ പ്രധാനമായും നാലു തരത്തിലാണ് വൃക്കകളിലെ കല്ലുകളെന്ന് ഗാസിയാബാദ് മണിപ്പാല്‍ ആശുപത്രിയിലെ കണ്‍സൽറ്റന്‍റ് നെഫ്രോളജിസ്റ്റ് ഡോ. തീര്‍ത്ഥങ്കര്‍ മോഹന്തി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജീവിതശൈലി, കാലാവസ്ഥ, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവയാണ് ഇന്ത്യയില്‍ വൃക്കയിലെ കല്ലുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൂട്, തണുപ്പ് പോലുള്ള തീവ്ര കാലാവസ്ഥകള്‍ ഉള്ളപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാത്ത സാഹചര്യം രാജ്യത്തുണ്ട്. ഇത് വൃക്കയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നു. അമിതമായ മാംസ ഉപയോഗമാണ് മറ്റൊരു കാരണം. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍റെയും ഉപ്പിന്‍റെയും അമിത ഉപയോഗം സിഎ ഓക്സലേറ്റ്, യൂറിക് ആസിഡ് കല്ലുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. ഇടയ്ക്കിടെ മൂത്രനാളിയില്‍ ഉണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധകള്‍ ഇന്‍ഫെക്‌ഷന്‍ സ്റ്റോണിന്‍റെയും സാധ്യത ഉയര്‍ത്തും. ചിലര്‍ക്ക് ജനിതകപരമായ കാരണങ്ങള്‍ മൂലവും കല്ലുകള്‍ രൂപപ്പെടാമെന്ന് ഡോ. മോഹന്തി അഭിപ്രായപ്പെടുന്നു.
നല്ല ഭക്ഷണശീലങ്ങളും ശാരീരിക വ്യായാമവും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനുള്ള അപകട സാധ്യത കുറയ്ക്കുന്നു. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുന്നതും ദിവസവും 3 ലീറ്ററെങ്കിലും വെള്ളം കുടിക്കുന്നതും സഹായകമാണ്. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനെ തടയും. ശാരീരികമായി സജീവമായ ജീവിതശൈലി പിന്തുടരുകയും അമിതഭാരം കുറയ്ക്കുകയും ചെയ്യുന്നത് യൂറിക് ആസിഡ് കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്നും ഡോ. മോഹന്തി കൂട്ടിച്ചേര്‍ത്തു.