വേനല്‍ക്കാലത്ത് പുറത്തോട്ട് പോയി തിരികെ വീട്ടില്‍ വന്ന് കയറുമ്പോള്‍ ഫ്രിജില്‍ നിന്ന് നല്ല തണുത്ത വെള്ളമെടുത്ത് വായിലേക്ക് ഒരൊറ്റ കമിഴ്ത്താണ്. ചൂടിന് ആശ്വാസമേകാനും പരവേശം പോകാനും ഇതിലും നല്ല മാര്‍ഗമില്ലെന്നുതന്നെ പറയാം. എന്നാല്‍ ഇത് ഹൃദ്രോഗ പ്രശ്‌നമുള്ളവരില്‍ ജീവന്‍ തന്നെ അപകടത്തിലാക്കാമെന്ന് ഹൃദയാരോഗ്യ വിദഗ്ധര്‍ പറയുന്നു.
അമിതമായി തണുത്ത വെള്ളം രക്തധമനികളെ ചുരുക്കി തലച്ചോറിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. വാസോസ്പാസം എന്നാണ് ഇത്തരത്തില്‍ തലച്ചോറിലെ രക്തധമനി ചുരുങ്ങുന്നതിനെ വിളിക്കുന്നത്. തലച്ചോറിനും അതിന് ചുറ്റുമുള്ള പാളിക്കും ഇടയില്‍ രക്തസ്രാവമുണ്ടാക്കുന്ന സബ്അരക്‌നോയ്ഡ് ഹെമറേജോ തലച്ചോറിലെ രക്തധമനികളില്‍ ബലൂണ്‍ പോലുള്ള വീര്‍ത്ത് പൊട്ടുന്ന ബ്രെയ്ന്‍ അന്യൂറിസമോ ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ വാസോസ്പാസം ഉണ്ടാകാനുള്ള സാധ്യത അധികമാണ്.
ബ്രെയ്ന്‍ അന്യൂറിസം ഉണ്ടാകുന്ന 50 മുതല്‍ 90 ശതമാനം പേരിലും വാസോസ്പാസത്തിന് സാധ്യത അധികമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനെ ഉദ്ദീപിപ്പിക്കാന്‍ തണുത്ത പാനീയങ്ങള്‍ക്ക് സാധിക്കുന്നതായാണ് ചില പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനാല്‍ ഹൃദ്രോഗികള്‍ കഴിവതും തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.