കൊച്ചി: വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധിയുടെ മരണത്തിൽ ദുഖിതനായി സഹപ്രവര്‍ത്തകന്‍ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് എന്നാണ് അദ്ദേഹം ഒരു ചാനലിന് നല്‍കിയ അനുശോചനത്തില്‍ പറഞ്ഞത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ജൂണ്‍ ഒന്നിന് ഒരു ഷൂട്ടിംഗിനായി ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു.
സുധിയും സംഘവും പങ്കെടുത്ത പരിപാടിയില്‍ ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും സഹപ്രവര്‍ത്തകനായ ഉല്ലാസ് സങ്കടത്തോടെ പറയുന്നു.
സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹം എന്ന് ഉല്ലാസ് ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ ഷൂട്ടില്‍ ഒന്നിച്ച് കൂടിയപ്പോള്‍ എന്‍റെ ജന്മദിനമായിരുന്നു. അന്ന് ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. എന്നാല്‍ ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു. പരിപാടികള്‍ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണ്‍ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നുവെന്ന് ഉല്ലാസ് ഓര്‍ക്കുന്നു.
തൃശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ഇന്ന് പുലര്‍ച്ചെ കൊല്ലം സുധി മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.