എറണാകുളം: സങ്കടപ്പെടുന്ന നാടെന്ന മുഖച്ഛായ മാറ്റിക്കൊണ്ട് വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് ചെല്ലാനമെന്ന് മന്ത്രി പി രാജീവ്. ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് തയ്യാറാകുന്നത്. പ്രദേശവാസികള്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും വ്യായാമം ചെയ്യുന്നതിനും സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്. കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത. ചെല്ലാനം സീ വാക്ക് വേ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പി രാജീവിന്റെ കുറിപ്പ്: ”സങ്കടപ്പെടുന്ന നാടെന്ന മുഖച്ഛായ മാറ്റിക്കൊണ്ട് വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് ചെല്ലാനം. 344 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കുന്നത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകുമെന്ന് പ്രതീക്ഷിക്കുന്നു.”
”പ്രദേശവാസികള്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാര്‍ക്ക് വ്യായാമം ചെയ്യുന്നതിനും ഏറെ സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്. ചെല്ലാനം തീരദേശത്ത് 17 കലോമീറ്റര്‍ ദൂരം പദ്ധതിയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത പണികഴിപ്പിച്ചിട്ടുള്ളത്. ചെല്ലാനം സീ വാക്ക് വേ ഉടന്‍തന്നെ നാടിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മ്മാണം പുതിയ വാക്ക് വേയ്ക്ക് സമീപം പുരോഗമിക്കുന്നുണ്ടെന്നതും കൊച്ചി തീരദേശ ടൂറിസത്തിന് സഹായകമാകും.”