കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’. കേരളം ഒറ്റക്കെട്ടായി നേരിട്ട ആ പ്രതിസന്ധിക്കഥ വെളളിത്തിരയിൽ എത്തിയപ്പോൾ അത് പ്രേക്ഷകന്റെ ഉള്ള് നോവിച്ചു. കണ്ണുകളെ ഈറനണിയിച്ചു. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കി കഴിഞ്ഞു.
ഈ അവസരത്തിൽ 2018 ടീമിന് സ്നേഹാദരം ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം മത്സത്തൊഴിലാളികൾ. ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്. തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവർക്ക് അധികാരികൾ കൈമാറി. മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി കുറിച്ചു.