കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ കണ്ണുംപൂട്ടി ഇരിക്കുമ്പോള്‍ നിധി കമ്പിനിയുടെ തട്ടിപ്പ് കേരളത്തില്‍ നിര്‍ബാധം തുടരുകയാണ്. കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയതിന് ഉടമയെ അറസ്റ്റുചെയ്തു. നിലമ്പൂര്‍ മുതുകാട് രാമന്‍കുത്ത് ചോലക്കാപറമ്പില്‍സി.പി. അബ്ദുള്ളക്കുട്ടിയെ (45) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. നിലമ്പൂര്‍ കാട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. മൂന്നുവര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു.
2017-ലാണ് കോടിഷ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ ശാഖകള്‍ തുടങ്ങുകയും ചെയ്തു. ജീവനക്കാരില്‍ നിന്ന് ബോണ്ട് തുകയായി അഞ്ചുലക്ഷം രൂപവീതം വാങ്ങുകയുംചെയ്തു. തുടര്‍ന്ന് ജീവനക്കാരുടെ പരിചയത്തിലുള്ളവരുടെ പണവും ഇവിടെ നിക്ഷേപിപ്പിച്ചു. ഇത്തരത്തില്‍ ഒരു ജീവനക്കാരന്റെ പരിചയത്തില്‍ 90 ലക്ഷത്തോളം രൂപ കമ്പനിയില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം നിക്ഷേപിച്ചവര്‍ക്ക് തിരികെ കിട്ടാതായപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.
അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് സൂര്യ ചിറ്റ്സ്, ചോലക്കാപറമ്പ് ചിറ്റ്സ് എന്നീ കമ്പനികളുടെ പേരിലും തട്ടിപ്പുനടത്തിയിരുന്നു. ഇയാളെക്കൂടാതെ ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥര്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇക്കണോമിക് ഒഫെനസ് സെല്ലിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്.ഐ. പി. പവിത്രന്‍, എസ്.സി.പി.ഒ. കെ. ഹരീഷ്, സി.പി.ഒ. ദീപക്ക്, കോടിഷ് നിധി തട്ടിപ്പ് അന്വേഷിക്കാനായി രൂപവത്കരിച്ച സ്പെഷ്യല്‍ സ്‌ക്വാഡിലെ എസ്.ഐ.മാരായ സി. ഷൈലേന്ദ്രന്‍, എന്‍ മുസ്തഫ, പി.കെ. വിനോദ്, മുഹമ്മദ് ഹാരിസ്, മനോജ്, എസ്.സി.പി.ഒ. കെ.പി. മനോജ് കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വര്‍ഷങ്ങളോളം വിവിധസ്ഥലങ്ങളില്‍ രൂപംമാറിയാണ് അബ്ദുള്ളക്കുട്ടി ജീവിച്ചിരുന്നത്. താടിയും മുടിയും നീട്ടിയും ശരീരം വളരെ മെലിഞ്ഞ രീതിയിലുമായിരുന്നു പിടികൂടുമ്പോള്‍ ഇയാള്‍. കമ്പനിയിലെ ജീവനക്കാര്‍ക്കും അബ്ദുള്ളക്കുട്ടിയെ കണ്ടപ്പോള്‍ മനസ്സിലായില്ല. അതിസമര്‍ഥമായാണ് ഇയാള്‍ പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. കോടിഷ് നിധി ഫിനാന്‍സ് കമ്പനിക്കെതിരെ 47 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാരില്‍ പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങളാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ നിക്ഷേപകര്‍ക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. ജീവനക്കാരോട് പോലും കാര്യങ്ങളറിയിക്കാതെയാണ് സ്ഥാപന ഉടമ മുങ്ങിയത്.
ഫറൂഖ് പോലീസ് സ്റ്റേഷനില്‍ 31ഉം, നല്ലളം സ്റ്റേഷനില്‍ 15 ഉം, നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപന ഉടമയായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ചേലക്കല്‍പറമ്പില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ നല്ലളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്ന് ബോര്‍ഡില്‍ എഴുതിവെച്ചാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ അത്തരമൊരു അംഗീകാരമില്ലെന്ന് പോലീസ് പറയുന്നു. കോടിഷ് നിധിയുടെ മണ്ണൂര്‍ വളവ്, ചെറുവണ്ണൂര്‍, ഈസ്റ്റ്ഹില്‍ ശാഖകള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. ഉടമയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്. കൂടുതല്‍ പേര്‍ പരാതിയുമായി ഇപ്പോള്‍ സമീപിക്കുന്നുണ്ട്.