കറാച്ചി: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതി. സിന്ധ് പ്രവിശ്യയിൽ നിന്നാണ് 14കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പെൺകുട്ടിയെ ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും അവർക്കൊപ്പം വിട്ടില്ല. മാതാപിതാക്കൾക്കൊപ്പം പോകണമെന്നാണ് പെൺകുട്ടി കോടതിയെ അറിയിച്ചതെങ്കിലും പരിഗണിച്ചില്ല. തെക്കൻ സിന്ധ് പ്രവിശ്യയിലെ ബേനസിറാബാദ് ജില്ലയിലെ വീട്ടിൽ നിന്ന് ജൂൺ രണ്ടിനാണ് സോഹാന ശർമ്മ കുമാരി എന്ന 14കാരിയെ അവളുടെ അധ്യാപകനും കൂട്ടാളികളും ചേർന്ന് വീട്ടുകാരുടെ കൺമുന്നിൽനിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
പിതാവ് ദിലീപ് കുമാർ പോലീസിൽ പരാതി നൽകി. പിന്നീട്, താൻ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നു. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. അഞ്ച് ദിവസത്തിന് ശേഷം ജില്ലയിലെ ഒരു വീട്ടിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച ലാർകാനയിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിച്ചുവെന്നും മാതാപിതാക്കളോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്നും കുട്ടി ജഡ്ജിയോട് പറഞ്ഞു. എന്നാൽ, മൊഴി നൽകുമ്പോൾ സമ്മർദമുണ്ടെന്ന് കാണിച്ച് ജഡ്ജി വാദം കേൾക്കുന്നത് ജൂൺ 12-ലേക്ക് മാറ്റിവച്ചു.
മകൾ വീട്ടിൽ ട്യൂഷനെടുക്കാറുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് തനിക്ക് ഒരു ലക്ഷം രൂപ ലോൺ വേണമെന്ന് അധ്യാപകൻ പറഞ്ഞതായി മകൾ പറഞ്ഞെന്ന് അമ്മ ജമ്‌ന ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ടീച്ചറോട് സോഹനയുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ, പിറ്റേദിവസം അയാൾ കുറച്ച് ആളുകളുമായി മടങ്ങിയെത്തി തോക്ക് ചൂണ്ടി മകളെ ബലമായി കൊണ്ടുപോയി. മകളെ വിട്ടുതരണമെന്നും പണവും ആഭരണവും നൽകാമെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഇസ്ലാം മതം സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതെന്ന് തെളിയിക്കാൻ പ്രതി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് അവളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സിന്ധ് പ്രവിശ്യയിൽ ഹിന്ദുവിഭാഗത്തിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് ആരോപണമുയർന്നു.