കൊച്ചി > പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നതെന്ന രണ്ടാം പ്രതി കെ സുധാകരന്റെ വാദം നുണ. മോൻസൺ അറസ്‌റ്റിലായ സമയത്ത് കേസ് കൊടുക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചോദിച്ചപ്പോളാണ് ന്യായീകരിക്കാൻ വീണ്ടും നുണയുമായി ഇറങ്ങിയിരിക്കുന്നത്.
അറസ്‌റ്റിലായ മോൻസൺ സങ്കടം പറഞ്ഞ് മാപ്പ് ചോദിച്ചതുകൊണ്ടാണ് കേസ് കൊടുക്കുന്നതിൽനിന്നും പിന്മാറിയതെന്നാണ് സുധാകരന്റെ വാദം. 2021 സെപ്‌തംബർ 26നാണ് മോൻസൺ പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലാകുന്നത്. അന്നുതന്നെ മോൻസൺ നടത്തിയ സാമ്പത്തിക തട്ടിപ്പിന് സുധാകരൻ ഇടനിലക്കാരനായി എന്ന് വാർത്തയും വന്നു. 2021 സെപ്‌തംബർ27ന് കണ്ണൂരിൽ കെ സുധാകരൻ വിളിച്ച വാർത്താസമ്മേളനത്തിൽ വാർത്ത നിഷേധിച്ചു.
തൊട്ടുപിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നു. 2021 സെപ്‌തംബർ 29ന് കെ സുധാകരൻ എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ച് മാവുങ്കലിനെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് പറയുമ്പോൾ മോൻസൺ ജയിലിലായി കഴിഞ്ഞിരുന്നു.
അറസ്‌റ്റിലായി ഒരു വർഷത്തിന് ശേഷം 2022 സെപ്‌തംബർ 26ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചു. ഇപ്പോഴും മോൻസൺ ജയിലിലാണ്. 2021 സെപ്‌തംബർ 26 അറസ്റ്റിലായതിനു ശേഷം മോൻസൺ ഒരിക്കൽപ്പോലും ജാമ്യത്തിലിറങ്ങിയിട്ടില്ല. ജയിലിൽ കിടന്ന മോൻസൺ മാപ്പ് ചോദിച്ചുവെന്നാണ് സുധാകരൻ പറയുന്നത്. ഇക്കാര്യം മാധ്യമങ്ങൾ സുധാകരനോട് ചോദിച്ചുമില്ല. ജയിലിൽ കിടക്കുന്നയാൾ എങ്ങനെ വന്ന് മാപ്പ് പറഞ്ഞുവെന്നതിന് വരും ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് ഉത്തരം പറയേണ്ടിവരും.