മലപ്പുറം> സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെ എഴുതിയ എഡിറ്റോറിയൽപോലെ മോദിക്കെതിരെയോ യോഗിക്കെതിരെയോ എഴുതാൻ കഴിയില്ലെന്ന് മന്ത്രി എം ബി രാജേഷ്. അപ്പോൾ കൈവിറക്കും, മുട്ടിടിക്കും. അങ്ങനെയുണ്ടായിട്ടുണ്ട്– മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം മോഹൻദാസിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ കേസെടുത്തിട്ടുണ്ട്. അന്ന് സമരവുമായിറങ്ങാൻ ദേശാഭിമാനി പ്രവർത്തകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുള്ള കോലാഹലമൊന്നും അന്ന് കണ്ടില്ല. മുഖപ്രസംഗമെഴുതിയില്ല, സാംസ്‌കാരിക പ്രവർത്തകരുടെ പ്രതികരണം തേടിയില്ല. അതു തെറ്റായിപ്പോയെന്ന് മാധ്യമങ്ങൾ ഇപ്പോൾ സമ്മതിക്കുമോ? അത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നു തോന്നിയില്ലേ. അതോ ഞങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കാര്യത്തിൽ പ്രതികരിക്കും, അല്ലാത്തവർക്കെതിരെ കേസെടുത്താൽ അനുകൂലിക്കും എന്ന അവസരവാദ നിലപാടാണോ.
സിദ്ദിഖ് കാപ്പൻ 28 മാസം ജയിലിലടക്കപ്പെട്ടപ്പോഴും ഇപ്പോഴത്തെ കോലാഹലം കണ്ടില്ല. ഒരു പ്രധാന മലയാളി പത്രപ്രവർത്തകന്റെ മൊഴിയിലല്ലേ ജയിലിലടച്ചത്. സഹപ്രവർത്തകനെ ജയിലിലാക്കിയയാളോട് വിശദീകരണം ചോദിച്ചോ. മീഡിയവൺ കേന്ദ്രസർക്കാർ നിരോധിച്ചപ്പോഴും ഇത്തരം എഡിറ്റോറിയലുണ്ടായില്ല. ആൾട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെ ജയിലിടച്ചപ്പോഴത്തെ എഡിറ്റോറിയലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ എഴുതിയ എഡിറ്റോറിയലും അടുത്തടുത്തുവച്ച് വായിക്കണം. മാധ്യമങ്ങളുടെ സത്യസന്ധത, നിഷ്‌പക്ഷത, വിശ്വാസ്യത, ധാർമികത എന്നിവ അളക്കാൻ ഇവ രണ്ടും വായിച്ചാൽ മതി.
കേന്ദ്രസർക്കാരിനെതിരെ എപ്പോഴെങ്കിലും എഡിറ്റോറിയൽ വന്നാൽത്തന്നെ അതിന് എന്തൊരു വിനീതവിധേയ ഭാഷയാകും. അതേസമയം സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എഴുതുമ്പോൾ അരംവച്ച് മൂർച്ചകൂട്ടും. ഇവർക്കെതിരെ ഏതു ഭാഷയും പ്രയോഗിക്കാം. കാരണം ഇവിടെ ജനാധിപത്യപരമായേ നേരിടൂ. ഇങ്ങനെയൊക്കെ എഴുതാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്– രാജേഷ് പറഞ്ഞു.