തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യ പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരൻ കിരൺ, സൂപ്പർമാർക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ എന്നിവർ നഷ്ടപരിഹാരം ഈടാക്കേണ്ട പട്ടികയിൽ ഇല്ല. പ്രാഥമിക അന്വേഷണത്തിലും ഇ.ഡി.-ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇവർ പ്രധാന പ്രതികളാണ്. കിരൺ 46 വായ്പകളിലായി 33.28 കോടി തട്ടിയെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. റെജി അനിലും കോടികളുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.
പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടതു ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിരവധി ആവശ്യങ്ങൾക്കായി ബാങ്കിൽ പണം നിക്ഷേപിച്ചവരാണ് ചതിക്കപ്പെട്ടത്.
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവം വിവാദമായിരുന്നു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. എന്നാൽ ചികിത്സക്ക് കൃത്യസമയത്ത് പണം കിട്ടാത്തതിനാൽ ഫിലോമിന മരണത്തിന് കീഴടങ്ങുകയായിരുന്നു.