ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഫലമാണ് പൈനാപ്പിൾ. വർക്കൗട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും കഴിക്കാവുന്ന ഒരു ലഘുഭക്ഷണം ആണിത്. പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്റെ വിഘടനത്തിൽ സഹായിക്കുകയും വളരെ വേഗത്തിൽ പ്രോട്ടീൻ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും.
കൊഴുപ്പിനെ എരിയിച്ചു കളയാൻ സഹായിക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ പൈനാപ്പിളിനുണ്ട്. പൈനാപ്പിളിൽ വൈറ്റമിൻ സി ധാരാളം ഉണ്ട്. ഇത് ശരീരകലകളുടെ കേടുപാടുകൾ തീർക്കാനും വളർച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും പ്രധാന പങ്കു വഹിക്കുന്നു. ഈ ഗുണങ്ങൾ എല്ലാം ഉള്ളതുകൊണ്ടുതന്നെ വ്യായാമത്തിനുശേഷം കഴിക്കാൻ പറ്റിയ പഴമാണ് പൈനാപ്പിൾ. പൊട്ടാസ്യം, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയതിനാലും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാലും വർക്കൗട്ടിനു മുമ്പ് പൈനാപ്പിൾ കഴിക്കുന്നതും ഗുണം ചെയ്യും.
പ്രമേഹരോഗികളിൽ പലരും പഴങ്ങൾ ഒഴിവാക്കുകയാണ് പതിവ്. പഴങ്ങളിൽ മധുരം ഉളളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ആശങ്കയിലാണ് പഴങ്ങൾ ഒഴിവാക്കുന്നത്. എന്നാൽ പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാര ആണുള്ളത്. പ്രത്യേകിച്ച് ഫ്രക്ടോസ്. ഇതാണ് പഴങ്ങൾക്ക് മധുരം നൽകുന്നത്. ഇത് മറ്റ് പഞ്ചസാരകളെപ്പോലെ രക്തത്തിലെ പഞ്ചസാരയെ ബാധിക്കില്ല. പഴങ്ങളിൽ ധാരാളം നാരുകൾ (Fibre) ഉണ്ട്. കൂടാതെ മൈക്രോന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇവയെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്.
വണ്ടർഫ്രൂട്ട് എന്നറിയപ്പെടുന്ന പൈനാപ്പിളിൽ നാരുകൾ ധാരാളമുണ്ട്. ഒരു കപ്പ് പൈനാപ്പിളിൽ 2.2 ഗ്രാം നാരുകൾ ഉണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ നില കുറയ്ക്കുകയും ചെയ്യുന്നു. പൈനാപ്പിളിന്റെ ഇനവും പഴുപ്പും അനുസരിച്ച് ഗ്ലൈസെമിക് ഇൻഡക്സ് 50 നും 70 നും ഇടയ്ക്കാണ്. നാരുകൾ ധാരാളം ഉളളതിനാൽ ഇതിന്റെ ഗ്ലൈസെമിക് ലോഡ് 6 ആണ്. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണ് പൈനാപ്പിൾ. എന്നാല്‍ കഴിക്കുന്ന അളവ് പ്രധാനമാണ്. ഒരു സമയം 100 മുതൽ 150 ഗ്രാം വരെ മാത്രമേ കഴിക്കാവൂ.
വൈറ്റമിൻ ബി6 ഉം പൈനാപ്പിളിൽ ധാരാളമായുണ്ട്. ഇത് അരുണരക്താണുക്കളുടെ രൂപീകരണത്തിൽ സഹായിക്കുന്നു. കൊഴുപ്പിന്റെയും അന്നജത്തിന്റെയും ഉപാപചയപ്രവർത്തനം നിയന്ത്രിക്കുന്ന മൈക്രോ ന്യൂട്രിയന്റ് ആയ മാംഗനീസും പൈനാപ്പിളിലുണ്ട്. പൈനാപ്പിളിൽ 86 ശതമാനവും വെള്ളം ആയതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.