കൊച്ചി> എഐ കാമറ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഫയലിൽ സ്വീകരിക്കുന്നതുസംബന്ധിച്ച് വാദം കേൾക്കാൻ ഇരുകക്ഷികൾക്കും നോട്ടീസ് നൽകി ചീഫ് ജസ്‌റ്റിസ് എസ് വി ഭാട്ടി, ജസ്‌റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
അതേസമയം, പൊതുതാൽപ്പര്യ ഹർജി നൽകിയ പ്രതിപക്ഷനേതാവും രമേശ് ചെന്നിത്തലയും അഴിമതിരഹിതരാണെന്ന് വ്യക്തമാക്കുന്ന അധികസത്യവാങ്‌മൂലം വേണമെങ്കിൽ നൽകാമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്ന അഴിമതിരഹിത സമീപനം അവരും കർശനമായി പാലിക്കുന്നുണ്ടെന്ന് വേണമെങ്കിൽ സത്യവാങ്‌മൂലത്തിലൂടെ ഹർജിക്കാർക്ക് കോടതിയെ ബോധ്യപ്പെടുത്താം.
എഐ കാമറ ഇടപാടിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് കോടതിയുടെ അനുമതിയോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ പണം നൽകാം.
സംസ്ഥാനത്തെ എഐ കാമറയുടെ പ്രവർത്തനം സ്‌റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല. എഐ കാമറയുടെ പ്രവർത്തനം ജൂൺ അഞ്ചുമുതൽ ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. പദ്ധതി നടപ്പാക്കുന്ന രീതിയിൽ മാറ്റം വന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. ഹർജി മൂന്നാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.