തിരുവനന്തപുരം: കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും തെരുവ് നായ ആക്രമണം. കാസര്‍കോട് ബേക്കലില്‍ വൃദ്ധയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചു. കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തില്‍ പത്ത് വയസുകാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വിളപ്പിലില്‍ ആടിനെ നായ കടിച്ച് കീറി.
ഇന്ന് രാവിലെ ആറരയ്ക്കാണ് കാസര്‍കോട് ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി 65 വയസുകാരി ഭാരതിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായയുടെ ആക്രമണം. ദേഹമാസകലെ കടിച്ച് പറിച്ചു. കൈകാലുകളിലും കഴുത്തിലും തലയിലും മുറിവുകളുണ്ട്. ഇതില്‍ ചിലത് ആഴത്തിലുള്ളതാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം പോളയത്തോട് ടോണി – കീര്‍ത്തി ദമ്പതികളുടെ മകനായ പത്ത് വയസുകാരന്‍ ഷൈനിനാണ് നായക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. തെരുവ് നായക്കൂട്ടത്തെ കണ്ട് ഓടി നിലത്ത് വീണ കുട്ടിയെ പിന്തുടര്‍ന്നെത്തിയ നായക്കൂട്ടം കടിച്ച് വലിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനാണ് കുട്ടിയെ രക്ഷിച്ച് വീട്ടിലെത്തിച്ചത്.
കൊല്ലം ശാസ്താംകോട്ടയില്‍ തെരുവ് നായയുടെ കടിയില്‍ നിന്ന് ഇന്നലെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദര്‍ കാറിന്‍റെ ബോണറ്റില് ചാടിക്കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്തും തെരുവ് നായ ആക്രമണമുണ്ടായി. വിളപ്പിലില്‍ ആടിനെ തെരുവ് നായ കടിച്ചുകീറി. വിളപ്പില്‍ സ്വദേശി പ്രദീപിന്‍റെ ആടിനെയാണ് ആക്രമിച്ചത്.