ലണ്ടന്‍ : ഔദ്യോഗിക വസതിയില്‍ വിരുന്നു നടത്തി ലോക്ഡൗണ്‍ നിയമം ലംഘിച്ചു വിവാദത്തില്‍പ്പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പക്ഷേ, രാജിവയ്ക്കാന്‍ ഒരുക്കമല്ല. രാജിവയ്ക്കില്ലേയെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയ്ര്‍ സ്റ്റാമര്‍ പാര്‍ലമെന്റില്‍ ചോദിച്ചപ്പോഴാണ് ഒഴിയുന്ന പ്രശ്‌നമില്ലെന്നു ജോണ്‍സന്‍ മറുപടി നല്‍കിയത്. സ്ഥാനമൊഴിയാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വരെ സമ്മര്‍ദമുണ്ട്. ഇതിനിടെ, എംപിയായ ക്രിസ്റ്റ്യന്‍ വേയ്ക്‌ഫോര്‍ഡ് മറുകണ്ടം ചാടി ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതും ജോണ്‍സനു ക്ഷീണമായി. പാര്‍ലമെന്റിലെ 360 കണ്‍സര്‍വേറ്റീവ് (ടോറി) അംഗങ്ങളില്‍ 54 പേര്‍ അവിശ്വാസക്കത്തു നല്‍കിയാലേ ജോണ്‍സനെ നീക്കാനുള്ള നടപടികള്‍ ആരംഭിക്കാനാകൂ. 20 പേര്‍ ഇതിനോടകം കത്തു കൊടുത്തു കഴിഞ്ഞെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.