കൂരാച്ചുണ്ട് : സുരക്ഷാഭീഷണിയെ തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ റിസർവോയർ ഭാഗമായ പാറക്കടവ് ഫെബ്രുവരി ഒന്നിന് സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ ടി.എം.സി. യോഗത്തിൽ തീരുമാനം. പാറക്കടവിൽ തുടർച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങളെയും അപകടങ്ങളെയും തുടർന്നാണ് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം അടച്ചത്. സമീപത്തെ തോണിക്കടവ് ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇപ്പോൾ പാറക്കടവിൽ പ്രവേശനമില്ലായിരുന്നു. ഒക്ടോബറിൽ തലശ്ശേരി പാനൂർ സ്വദേശിയായ 17-കാരൻ മുങ്ങി മരിച്ചതിനെ തുടർന്നാണ് കേന്ദ്രം അടച്ചത്.
മതിയായ സുരക്ഷാ സംവിധാനമൊരുക്കിയായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. പാറക്കടവ് ഭാഗത്ത് സുരക്ഷാ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കുകയും പ്രദേശത്ത് രക്ഷാ പ്രവർത്തകരെ നിയമിക്കാനുമാണ് തീരുമാനം. കരിയാത്തുംപാറയിൽ ടിക്കറ്റ് കൗണ്ടറും സ്ഥാപിക്കും. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ തീരുമാനം നടപ്പാക്കാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്. സ്ഥിതിഗതികൾ അനുകൂലമാണെങ്കിൽ മാത്രമായിരിക്കും കേന്ദ്രം തുറക്കുകയെന്ന് ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കണിയേരി പറഞ്ഞു.