ഷാര്‍ജ : യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ മിനിറ്റുകള്‍ക്കകം പോലീസ് പിടികൂടി. ഷാര്‍ജയിലായിരുന്നു സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും 10 വയസുകാരിയായ മകളും മരണപ്പെട്ട അപകട സ്ഥലത്തുനിന്നാണ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് മൂന്ന് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. ചൊവ്വാഴ്‍ച രാത്രി 11 മണിയോടെ ശൈഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സ്‍ട്രീറ്റിലെ ട്രാഫിക് ഇന്റര്‍സെക്ഷനിലാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും അതിനെ തുടര്‍ന്ന് ആറ് വാഹനങ്ങള്‍ തുടരെ തുടരെ ഇടിക്കുകയുമായിരുന്നു. 35 വയസുകാരിയായ പ്രവാസി യുവതിയും 10 വയസുള്ള ഇവരുടെ മകളും മരണപ്പെടുകയും ചെയ്‍തു.
സ്ത്രീയുടെ ഭര്‍ത്താവും മൂന്നും അഞ്ചും എട്ടും വയസ്സുള്ള മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭര്‍ത്താവിനെ അല്‍ ഖാസിമി ആശുപത്രിയിലും കുട്ടികളെ അല്‍ കുവൈത്ത് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ 15 മിനിറ്റിനുള്ളില്‍ ഇയാളെ പിടികൂടി.
ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റോഡിലെ വേഗ പരിധി പാലിക്കണം. അമിത വേഗതയാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഷാര്‍ജ പോലീസ് അറിയിച്ചു.