ജിദ്ദ: ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്ന്. മിനായിൽ രാപ്പാർത്ത തീർഥാടകർ പുലർച്ചെ തന്നെ അറഫ മലയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി. ഇന്ന് പകൽ മുഴുവൻ തീർഥാടകർ അറഫയിൽ ചെലവഴിക്കും. തമ്പുകളുടെ നഗരമായ മിനയില്‍ നിന്ന് പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫയിലേക്ക് പാപമോചനത്തിന്‍റെ പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെ തന്നെ നീങ്ങിത്തുടങ്ങി. നമീറ പള്ളിയും അറഫാ നഗരിയും ഉച്ചയോടെ വിശ്വാസ സാഗരമായി മാറും, മുഹമ്മദ് നബി ഹജ്ജില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ശേഷം ഇവിടെ വച്ച് കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നത്. ഉച്ച നമസ്കാരത്തിന് മുന്നോടിയായി പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തും. ദിവസം മുഴുവന്‍ പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. ളുഹര്‍, അസര്‍ നമസ്കാരങ്ങൾ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് പോകും. രാത്രി അവിടെ ചെലവഴിക്കുന്ന തീര്‍ഥാടകര്‍, ചെകുത്താനെ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും.
ബലിപരുനാൾ ദിവസം ബലികര്‍മവും മുടി മുറിക്കലും നടത്തും. തുടര്‍ന്ന് ജംറയിലെ ആദ്യ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടര്‍ന്ന് ഹറം പള്ളിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ സഫ, മര്‍വ മലകൾക്കിടയില ഓട്ടം പൂര്‍ത്തീകരിച്ച് മിനായിലേക്ക് മടങ്ങും. തുടര്‍ന്ന് മൂന്ന് ദിവസം മിനായില്‍ രാപാര്‍ത്ത് ഹജ്ജിന്‍റെ ചടങ്ങുകൾ പൂര്‍ത്തീകരിക്കും. ശനിയാഴ്ച വിടവാങ്ങൽ പ്രദിക്ഷമം നിര്‍വഹിച്ച് ഹാജിമാര്‍ മക്കയോട് വിട പറയും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ നാളെയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.