കോഴിക്കോട്: റോയ് തോമസ് വധക്കേസിൽ രണ്ടാം സാക്ഷി പി.എച്ച് ജോസഫിന്റെ എതിർ വിസ്താരം മാറാട് പ്രത്യേക അഡീ. സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാം ലാൽ മുമ്പാകെ പൂർത്തിയായി. രണ്ടു ദിവസങ്ങളിലായാണ് ജോസഫിനെ ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ എതിർവിസ്താരം പൂർത്തിയാക്കിയത്.
പൊന്നാമറ്റം തറവാട്ടിലെ വസ്തുതർക്കം സംബന്ധിച്ച് കൂടുതലൊന്നും അറിയില്ലെന്ന് സാക്ഷി പറഞ്ഞു. റോയ് തോമസ് ആത്മഹത്യ ചെയ്തതാണെന്നും സഹോദരങ്ങളുടെയും ജോളിയുടെ ബന്ധുക്കളുടെയും താൽപര്യപ്രകാരം കളവായി മൊഴി കൊടുക്കുകയാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം ജോസഫ് നിഷേധിച്ചു.
ആദ്യ വിസ്താരത്തിൽ നൽകിയ മൊഴിയിൽ ജോസഫ് ഉറച്ചുനിന്നു. 2011ൽ കോടഞ്ചേരി പൊലീസിൽ റോയിയുടെ മരണം സംബന്ധിച്ച് പരാതിയില്ല എന്ന് താൻ പറയാൻ കാരണം ജോളി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണെന്ന് ജോസഫ് മൊഴി ആവർത്തിച്ചു. ജോളി കുറ്റക്കാരി അല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ജോളിക്ക് മുൻകൂർ ജാമ്യം കിട്ടുമോ എന്നറിയാൻ താൻ വക്കീലിനെ കാണാൻ പോയതെന്ന വാദം സാക്ഷി നിഷേധിച്ചു.
കള്ളക്കേസിൽ പ്രതിയാക്കിയതിനാൽ ജോളി ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് അശോകൻ വക്കീൽ തന്നോട് പറഞ്ഞിട്ടില്ലെന്ന് ജോസഫ് മൊഴി നൽകി. റോയ് തോമസ് മരിച്ച ദിവസം ജോളി സ്വയം കാർ ഓടിച്ചു രാത്രി പൊന്നാമറ്റം വീട്ടിലേക്ക് വന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നീട് കിട്ടിയപ്പോൾ സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചത് എന്ന് തനിക്ക് മനസ്സിലായി എന്നും അക്കാര്യം ജോളിയോട് പറഞ്ഞപ്പോൾ ജോളി തന്നെ ശകാരിച്ചു എന്ന ആദ്യമൊഴി ജോസഫ് ക്രോസ് വിസ്താരത്തിലും ആവർത്തിച്ചു.