കൊച്ചി : സ്‌കൂൾ–-കോളേജ് പാഠ്യപദ്ധതികളിൽ സുരക്ഷിത ലൈംഗികതയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി. യുവാക്കൾക്ക് സുരക്ഷിതമായ ലൈംഗികതയെക്കുറിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
സഹോദരനിൽനിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടി അച്ഛൻ നൽകിയ ഹർജിയിലെ തുടർനടപടികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷിത ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ് ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നതെന്ന് ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ നിരീക്ഷിച്ചു. ഈ സംഭവത്തിൽ മാതാപിതാക്കളെ കുറ്റപ്പെടുത്താനാകില്ല. സമൂഹമാണ് ഉത്തരവാദി. ആഘാതത്തിൽനിന്ന് കരകയറാൻ ഈ മാതാപിതാക്കളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇന്റർനെറ്റിനു മുന്നിലാണ്. ഇവർക്ക് ശരിയായ മാർഗനിർദേശമില്ല. മാതാപിതാക്കളുടെയും ഇരയായ പെൺകുട്ടിയുടെയും നാണക്കേട് സങ്കൽപ്പിക്കാനാകില്ല. അതിനാൽ സുരക്ഷിത ലൈംഗികതയെക്കുറിച്ച് യുവമനസ്സുകളെ ബോധവൽക്കരിക്കേണ്ടതുണ്ട്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കും പ്രായപൂർത്തിയാകാത്ത അമ്മയുടെ സംരക്ഷണം അമ്മാവനും കൈമാറിയതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ അറിയിച്ചു. നവജാതശിശുവിന്റെ സംരക്ഷണം സംസ്ഥാനത്തിന്റെ കടമയാണെന്ന് വ്യക്തമാക്കിയ കോടതി, നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ശിശുക്ഷേമസമിതിയോട് നിർദേശിച്ചു.
നേരത്തേ, ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അഡ്വ. കുളത്തൂർ ജയ്‌സിങ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹർജി നൽകിയിരുന്നു. കേസിൽ കക്ഷിചേരാൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശിച്ച് ചീഫ് ജസ്‌റ്റിസ് എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് ജയ്‌സിങ്ങിനെ കക്ഷിചേർത്ത് കോടതി ഹർജി തീർപ്പാക്കി.