മുംബൈ : തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ഉദ്ഘാടനം കെങ്കേമമാക്കാൻ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി രൂപയെന്നു വിവരാവകാശ രേഖ. മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവർത്തകൻ അജയ് ബോസിന്റെ ചോദ്യത്തിനാണു തിരുവനന്തപുരം ഡിവിഷൻ മറുപടി നൽകിയത്. ഏപ്രിൽ 25നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്.
ഇതു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ചെലവാക്കിയ തുകയാണെന്നും ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആകെ ചെലവ് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നു ലഭിക്കുമെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലുണ്ട്.
നികുതിദായകരുടെ പണം ഇങ്ങനെ പാഴാക്കാതെ റെയിൽപാത സുരക്ഷിതമാക്കുന്നത് അടക്കമുള്ള അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങൾക്കു വിനിയോഗിക്കണമെന്നു മുൻ റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ അജയ് ബോസ് നിർദേശിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിൽ 5 വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഭോപാൽ–ഇൻഡോർ, ഭോപാൽ–ജബൽപുർ എന്നിവയുടെ ഫ്ലാഗ് ഓഫ് മധ്യപ്രദേശിൽ നേരിട്ടു നിർവഹിക്കും. റാഞ്ചി–പട്ന, ധാർവാഡ്–ബെംഗളൂരു, ഗോവ-മുംബൈ ട്രെയിനുകളുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിങ് വഴിയാകും നടത്തുക.