കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആൾമാറാട്ട കേസിൽ മുൻ പ്രിൻസിപ്പൽ ജി.ജെ ഷൈജു, എസ്.എഫ്.ഐ നേതാവ് എ. വിശാഖ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ജൂലൈ നാലിന് രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്. അനഘക്ക് പകരം ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവായ എ. വിശാഖിന്റെ പേര് കേരള സർവകലാശാലയെ അറിയിച്ചതാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത്നിന്ന് പുറത്താക്കുകയായിരുന്നു. ആൾമാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു ഷൈജു കോടതിയിൽ വാദിച്ചത്.
എസ്.എഫ്.ഐ നേതാവ് എ. വിശാഖിന്‍റെ പങ്ക് ഗുരുതരമെന്ന് ഹൈകോടതി പറഞ്ഞിരുന്നു. വിശാഖ് പ്രേരിപ്പിക്കാതെ പ്രിൻസിപ്പൽ പേര് കേരള സർവകലാശാലക്ക് അയക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.