മോദി സർക്കാരിനു കീഴിൽ ന്യൂനപക്ഷങ്ങൾക്ക് ഏറെ നേട്ടമുണ്ടായെന്ന് ബിജെപി നേതാവ്. ന്യൂനപക്ഷ സെൽ ദേശീയ ജനറൽ സെക്രട്ടറി സൂഫി എം ക്രിശ്റ്റിയാണ് അവകാശവാദവുമായി രംഗത്തുവന്നത്. കഴിഞ്ഞ 9 വർഷത്തെ നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷമാണ് ക്ഷേമ പ്രവർത്തനങ്ങളിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ താനെയിൽ നടന്ന റാലിയിൽ വച്ചാണ് സൂഫി എം ക്രിസ്റ്റിയുടെ അവകാശവാദം.
പ്രസംഗത്തിൽ അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. 50 വർഷത്തെ ഭരണത്തിൽ കോൺഗ്രസ് നൽകിയത് ചില വാഗ്ദാനങ്ങൾ മാത്രമാണ്. അതൊന്നും നടത്തിയില്ല. മോദി സർക്കാരിൻ്റെ കാലത്ത് ആരോഗ്യ പരിരക്ഷകളും കർഷകർക്കുള്ള ആനുകൂല്യങ്ങളുമടക്കം മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ഏറെ നേട്ടമുണ്ടാക്കി. ബിജെപിയോ മോദി സർക്കാരോ ആളുകളെ ജാതിയുടെയോ വർഗത്തിൻ്റെയോ മതത്തിൻ്റെയോ പേരിൽ വർഗീകരിക്കാറില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു.