പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ന് അവസാനിച്ചിരിക്കുകയാണ്. മുൻ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സമയപരിധി നീട്ടിനൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്തവർ നേരിടേണ്ടിവരും. എന്നാൽ പിഴതുകയായ 1000 രൂപ ഫീസ് അടച്ചിട്ടും ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുമുണ്ട്. ഇക്കാര്യത്തിൽ പരാതി ഉയർന്നതോടെ വിശദീകരണവുമായി ആദായ നികുതിവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.
ഫീസ് അടച്ചിട്ടും പാൻ ആധാറുമായി ബന്ധിപ്പിക്കാനാകാത്തവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അറിയിപ്പ് നൽകുകയാണ് ആദായ നികുതിവകുപ്പ്. ചില പാൻ ഉടമകൾക്ക് ഫീസ് അടച്ചതിന് ശേഷം ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായയും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ആധാർ-പാൻ ലിങ്കിംഗിനായി ഫീസ് അടച്ചതിന് ശേഷം ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ പാൻ ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചലാൻ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ‘ഇ-പേ ടാക്‌സിൽ’ ലോഗിൻ ചെയ്തതിന് ശേഷം പരിശോധിക്കാമെന്നും, പേയ്‌മെന്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പാൻ ഉടമയ്ക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് തുടരാമെന്നും ഐ ടി ഡിപ്പാർട്ട്‌മെന്റ് ഷെയർ ചെയ്ത ട്വീറ്റിൽ പറയുന്നു.
പേയ്‌മെന്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പാൻ ഉടമയ്‌ക്ക് ചലാൻ അറ്റാച്ച് ചെയ്‌ത പകർപ്പ് സഹിതമുള്ള ഒരു ഇമെയിൽ ലഭിക്കും. 1000 രൂപ ഫീസ് അടച്ചിട്ടും, 2023 ജൂൺ 30 നകം ലിങ്കിംഗ് നടപടികൾ പൂർത്തിയാകാത്തവരുടെ കേസുകൾ ഡിപ്പാർട്ട്‌മെന്റ് പ്രത്യേകം പരിഗണിക്കുമെന്നും, ട്വീറ്റിൽ കൂട്ടിച്ചേർത്തു. പാൻ പ്രവർത്തന രഹിതമായാൽ, പാൻ നിർബന്ധിതമായി ഉപയോഗിക്കേണ്ട ചില സേവനങ്ങൾ വ്യക്തികൾക്ക് ഇനി ലഭ്യമാകില്ല. കൂടാതെ, ആദായനികുതി റിട്ടേൺ (ഐ ടി ആർ) ഫയൽ ചെയ്തിട്ടില്ലെങ്കിൽ അത് പ്രശ്നമാകും. പാൻ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഐ ടി ആർ ഫയൽ ചെയ്യാൻ കഴിയുകയുള്ളു.