എറണാകുളം : കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് നവംബര്‍ 12 രാത്രിയില്‍ മോഷണം പോയത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെജെ ലോട്ടറിക്കടയുടെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്. മോഷണം പോയ ടിക്കറ്റുകളില്‍ സമ്മാനാര്‍ഹമായവയുടെ നമ്പർ എല്ലാ ലോട്ടറിക്കടയുടമകള്‍ക്കും പോലീസ് കൈമാറിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം പ്രതി ടിക്കറ്റുമായി കടകളിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു പോലീസ്
പ്രതീക്ഷിച്ച പോലെ തന്നെ സമ്മാനാര്‍ഹമായ ഒരു ടിക്കറ്റ് മാറാനായി ഇയാള്‍ പാലായിലെ ഒരു കടയില്‍ ചെന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുന്നതിനിടയിലാണ് പ്രതി മറ്റൊരു കേസില്‍ കാഞ്ഞിരപ്പിള്ളി പോലീസിന്റെ പിടിയിലായത്. സ്ഥലത്തെത്തിയ കോതമംഗലം പോലീസ് ബാബുവിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.