എന്തും ഏതും വാടകയ്‍ക്ക് കിട്ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ചൈനയിൽ ഇപ്പോൾ അച്ഛന്മാരെ വാടകയ്‍ക്ക് കിട്ടും. അമ്മമാർക്ക് അവരുടെ സമയം അവരുടേതായി ആഘോഷിക്കുന്നതിന് വേണ്ടി ഒരു ചൈനീസ് ബാത്ത്‍ഹൗസാണ് ‘റെന്റ് എ ഡാഡ്’ എന്ന ഈ വ്യത്യസ്തമായ കാര്യം നടപ്പിലാക്കിയിരിക്കുന്നത്. സാധാരണയായി ആൺമക്കൾക്കൊപ്പം വരുന്ന സ്ത്രീ അതിഥികൾക്ക് വേണ്ടിയാണ് പ്രധാനമായും ഇത് നടപ്പിലാക്കുന്നത്. റെഡ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഷെൻയാങ്ങിലെ ഒരു ബാത്ത്ഹൗസിലാണ് ഇങ്ങനെ അച്ഛന്മാരെ വാടകയ്‍ക്ക് എടുക്കാനുള്ള സൗകര്യം. ‘ആൺകുട്ടികളുള്ള അമ്മമാർക്കും സിംഗിൾ മദേഴ്സിനും ഈ അവസരം പ്രയോജനപ്പെടുത്താം. ഞാൻ അതിന്റെ ഒരു ചിത്രം എടുത്തിട്ടുണ്ട്’ എന്ന് ഒരു സ്ത്രീ കുറിച്ചു.
ഒരു സ്ത്രീ തന്റെ മകനുമായി ഇവിടെ എത്തിയാൽ, അവന്റെ വസ്ത്രം മാറുന്നതിനും അവനെ കുളിപ്പിക്കാനും ഒക്കെ തങ്ങളുടെ സേവനം ലഭ്യമാകും എന്നും അത് സൗജന്യമായിരിക്കും എന്നും ബാത്ത്‍ഹൗസ് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വേണ്ടി ലഭ്യമാകുന്ന പുരുഷന്മാർക്ക് അതിന് വേണ്ടിയുള്ള പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടോ, എത്ര വയസ് വരെയുള്ള കുട്ടികളെയാണ് ഇവിടെ നോക്കുക എന്നതൊന്നും എന്നാൽ ബാത്ത്‍ഹൗസ് പരാമർശിച്ചിട്ടില്ല എന്നാണ് വിവരം.
സാധാരണയായി ചൈനീസ് ബാത്ത്‍ഹൗസുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഏരിയ കൊണ്ട് അറിയപ്പെടുന്നവയാണ്. അതിനുശേഷം ഭക്ഷണം കഴിക്കാനും മറ്റുമായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ചിരിക്കാനും ഉള്ള സൗകര്യവും ഉണ്ട്. അതേ സമയം റെന്റ് എ ഡാഡിനെ ചുറ്റിപ്പറ്റി ചർച്ചകളും നടക്കുന്നുണ്ട്. ചിലർ ഇത് സ്ത്രീകൾക്ക് വളരെ സൗകര്യപ്രദമാണ് എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ പറയുന്നത് എങ്ങനെ ചെറിയ കുട്ടികളെ മറ്റൊരാളെ വിശ്വസിച്ച് ഏൽപ്പിച്ച് പോവും എന്നാണ്.