ഇടുക്കി: മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡ് നാണക്കേടാണെന്നും
ഭരണകൂടത്തിന്റെ ആരാജക വാഴ്ച്ച കണ്ട് കേരളത്തിലെ മാധ്യമ സമൂഹം വായുംകെട്ടി മിണ്ടാതിരുന്നാൽ നാളെ കണ്ണൂരും, വിയ്യൂരും, പൂജപ്പുരയിലും സെറ്റിട്ട് വാർത്ത വായിച്ച് തൃപ്തിപ്പെടേണ്ടിവരുമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പറഞ്ഞു.
പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടി തികഞ്ഞ അശ്ലീലമാണ്.
മറുനാടൻ മലയാളി ഓൺലൈൻ മാധ്യമ സ്ഥാപന ഉടമ ഷാജൻ സ്കറിയായ്ക്ക് എതിരെയുളള കേസിന്റെ പേരിൽ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ അടക്കം പിടിച്ചെടുക്കുകയും ചെയ്യുന്ന പൊലീസ് നടപടി
ഒരുനിമിഷം നമ്മൾ കേരളത്തിൽ തന്നെ ആണോ എന്ന് ചിന്തിപ്പിക്കുന്നതാണ്.
മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം. അല്ലാതെ ‘കുമാരന്റെ തെങ്ങിലെ തേങ്ങയിടാൻ ശങ്കരന്റെ പ്ലാവിൽ കയറിയിട്ട് കാര്യമില്ലെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.