മോസ്കോ: അധിനിവേശത്തിനെതിരെ യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെ റഷ്യൻ തലസ്ഥാനനഗരത്തിൽ ഡ്രോൺ ആക്രമണം. മോസ്കോയിലെ ഏറ്റവും തിരക്കുപിടിച്ച നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയും ഡ്രോണുകൾ എത്തിയതോടെ മണിക്കൂറുകളോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി രാജ്യാന്തര വിമാന സർവിസുകൾ മുടങ്ങി.
ചൊവ്വാഴ്ച ആക്രമണം നടത്താൻ ഉപയോഗിച്ച അഞ്ച് ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഡ്രോണുകളിലൊന്ന് നുക്കോവോ വിമാനത്താവളത്തിന് 36 കിലോമീറ്റർ അടുത്ത് കുബിൻകയിലാണ് പതിച്ചത്.
മറ്റൊന്ന് വിമാനത്താവളത്തിന് സമീപത്തുള്ള വല്യൂവോ ഗ്രാമത്തിലും വീണു. കഴിഞ്ഞ മേയിലും മോസ്കോ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നിരുന്നു. എട്ട് ഡ്രോണുകളാണ് അന്ന് ആക്രമണത്തിനെത്തിയത്.