ദില്ലി: അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിര്‍ബന്ധമല്ലെന്ന് യുജിസി. നെറ്റ് (NET), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്എല്‍ഇടി) എന്നിവ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി യുജിസി നിശ്ചയിച്ചു. അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കുമെന്ന് യുജിസി അറിയിച്ചു. എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്ന് യുജിസി ഉത്തരവില്‍ പറയുന്നു. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനത്തിനുള്ള മിനിമം യോഗ്യത സംബന്ധിച്ച് ജൂണ്‍ 30ന് പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങളുടെ പ്രഖ്യാപനം 2023 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.