തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബിൽ ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയാരോപിച്ച് ഹൈബി ഈഡൻ എംപി. കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ഈഡൻ ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം.
ബിൽ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽക്കും. ബിൽ പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യും. പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.
‘തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചർച്ചയാണ് ഞാൻ ഉയർത്തിയത്. തന്നെ രൂക്ഷമായി വിമർശിച്ച പർട്ടിയിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോൾ അവർക്ക് മറുപടി പറയുന്നില്ല. പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നൽകിയതെന്ന് തന്നെ അറിയുന്നവർ വിശ്വസിക്കില്ല. പാർട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നൽകുന്നത്. ഇത് സെൻസിറ്റീവ് വിഷയമാണെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചാൽ അംഗീകരിക്കും. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കാനും തയ്യാറാണ്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ചിന്ത. ബില്ല് ചോർന്ന വഴി തന്നെ ദുരൂഹമാണെന്ന് ആവർത്തിച്ച ഹൈബി, സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന കൊച്ചിക്ക് അർഹമായ സ്ഥാനം കിട്ടണമെന്നും ആവശ്യപ്പെട്ടു.