ഫീസ് അടച്ച് ആധാർ– പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു.ഇനിയും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ആദായ നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. മാത്രമല്ല നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകുകയും ചെയ്യും.
ആദായനികുതി നിയമം, 1961 (‘ആക്ട്’) വ്യവസ്ഥകൾ പ്രകാരം പാൻ ലഭിച്ചിട്ടുള്ള ഓരോ വ്യക്തിയും ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. 37/2017 ഗസറ്റ് പ്രകാരം ജമ്മു , അസാം, കാശ്മീർ, മേഘാലയ സ്വദേശികളും എൺപത് വയസ് പൂർത്തിയായവർക്കും വിദേശ ഇന്ത്യക്കാർക്കും മാത്രമേ ഈ നിയമത്തിൽ ഇളവുകളുള്ളൂ.
എന്താണ് ചെയ്യാനാകുന്നത്.
1,000 രൂപ ഫീസ് അടച്ച് കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും ഉപയോഗിക്കാൻ സാധിക്കും. പക്ഷേ ഈ കാലയളവിലെ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോളുള്ള ഒരുമാസ കാലയളവിലെ നികുതിയിളവിന്റെ പ്രയോജനം ഉപഭോക്താവിനു ലഭിക്കില്ല.ഡീമാറ്റ്, ബാങ്ക് അക്കൗണ്ട് പോലുള്ളവ പുതിയതായി തുടങ്ങാനാവില്ല.മ്യൂച്ചൽ ഫണ്ടിലും സ്റ്റോക്കിലുമൊക്കെ നിക്ഷേപിക്കുന്നതും പാൻ ആക്റ്റീവ് ആയാലെ സാധിക്കൂ. നിങ്ങളുടെ പാനും ആധാറും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിലും ആദായ നികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യാൻ സാധിക്കും. എന്നാൽ ഇവ രണ്ടും ലിങ്ക് ചെയ്യപ്പെടുന്നതുവരെ ഐടി വകുപ്പ് നിങ്ങളുടെ റിട്ടേൺ പ്രോസസും ചെയ്യില്ല.
എന്തുകൊണ്ടാണ് നിങ്ങൾ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത്?
പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിലൂടെ പേര് ദുരുപയോഗം ചെയ്‌ത് ഒന്നിലധികം കാർഡുകൾ നേടുന്ന തട്ടിപ്പുകാരിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുകയാണെന്നു അധികൃതർ പറയുന്നു. പാൻ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം ഐടി വകുപ്പിന് ഏത് തരത്തിലുള്ള നികുതിവെട്ടിപ്പും കണ്ടെത്താനാകും. നികുതിദായകർ റിട്ടേൺ സമർപ്പിച്ചതായി ഇനി തെളിയിക്കേണ്ടതില്ല എന്നതിനാൽ ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയ ലളിതമാകും.
എങ്ങനെ ലിങ്ക് ചെയ്യാം ?
സമയപരിധിക്ക് ശേഷം ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം:
∙ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിലേക്ക് പോകുക.
∙ലിങ്ക് ആധാർ ടാബിൽ ക്ലിക്ക് ചെയ്യുക.
∙നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക.
∙ക്യാപ്‌ച കോഡ് നൽകുക.
∙ലിങ്ക് ആധാർ”ബട്ടണിൽ ക്ലിക്ക് ചെയ്യുക.
∙1000 രൂപ പിഴ അടക്കാൻ നിങ്ങളോട് ആവശ്യപ്പെടും
∙നിങ്ങൾ പിഴ അടച്ചുകഴിഞ്ഞാൽ, 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യപ്പെടും.
എങ്ങനെ ലിങ്ക് ചെയ്യാം
https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം.
ആധാർ–പാൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം
https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്ന ഈ ലിങ്കിൽ ലോഗിൻ ചെയ്തശേഷം ആധാർ, പാൻ വിവരങ്ങൾ നൽകിയാൽ നിലവിലെ സ്ഥിതി പരിശോധിക്കാനാകും.
ഫോണിൽ UIDPAN (സ്പേസ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ മെസേജ് ടൈപ്പ് ചെയ്യുക. 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയയ്‌ക്കാം. ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് അറിയിക്കുന്ന മെസേജ് റിപ്ലെയായി ലഭിക്കും. ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അക്കാര്യവും മെസേജ് വഴി അറിയാം.