മദ്യപിക്കുന്നവർക്ക് മദ്യം ഉപേക്ഷിക്കാൻ പ്രയാസമാകും. എന്നാൽ മദ്യപിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു നോക്കൂ. ഒരു മാസം മദ്യപിക്കാതിരുന്നാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഓരോ വ്യക്തിയും എത്ര മദ്യപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ലഭിക്കുന്ന നേട്ടങ്ങളും. കടുത്ത മദ്യപാനികൾ മദ്യം ഉപേക്ഷിച്ചാൽ മാനസികവ്യക്തതയോടൊപ്പം തടസ്സമില്ലാത്ത രസകരമായ ഉറക്കം ലഭിക്കും, ഊർജനില മെച്ചപ്പെടും, ശരീരഭാരം കുറയും.
അമിത മദ്യപാനം ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. മാത്രമല്ല ശരീരഭാരം കൂടാനും മാനസികപ്രശ്നങ്ങൾക്കും ഇത് കാരണമാകുകയും ചെയ്യും. മുപ്പതു ദിവസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം.
∙ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു
മിതമായി മദ്യപിക്കുന്നവർ മുതൽ അമിത മദ്യപാനികൾക്കു വരെ കരൾരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മദ്യപിക്കുന്നതു നിർത്തിയാൽ കരളിനുണ്ടായ ക്ഷതം മാറി ഏതാനും ആഴ്ചകൾ കൊണ്ട് കരൾ പൂർവസ്ഥിതിയിൽ ആകും.
∙ മെച്ചപ്പെട്ട ഹൃദയാരോഗ്യം
മദ്യപിക്കുന്നതു മൂലം ചീത്ത കൊളസ്ട്രോൾ നില കൂടുകയും ഹൃദയധമനികളിൽ തടസ്സം ഉണ്ടായി ഹൃദയപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യം ഉപേക്ഷിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
∙ കാൻസർ സാധ്യത കുറയ്ക്കുന്നു
മദ്യം, കാൻസർ സാധ്യത കൂട്ടുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന കാൻസറുകൾ നിരവധിയാണ്. അന്നനാളത്തിലെ കാൻസർ, കരൾ, മലാശയം, സ്തനം, കഴുത്ത്, തല എന്നിവിടങ്ങളിലെ കാൻസർ ഇവയെല്ലാം വരാനുള്ള സാധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിക്കുന്നതിലൂടെ ഈ കാൻസറുകൾ വരാനുള്ള സാധ്യതയും കുറയും.
∙ ശരീരഭാരം കുറയുന്നു
എല്ലാത്തരം മദ്യവും കാലറി കൂടിയതാണ്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. മദ്യപാനികൾ മദ്യം ഉപേക്ഷിച്ചാൽ അവരുടെ ശരീരത്തിന്റെ അമിതഭാരം കുറയുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്യും.
∙ ഓർമശക്തി മെച്ചപ്പെടും
അമിതമദ്യപാനം ഓർമക്കുറവിനു കാരണമാകും. മദ്യപാനികളിൽ മിക്കവർക്കും തലച്ചോറിനു നാശം സംഭവിക്കുന്നതായും മറവി, ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ വരുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്. മദ്യപിക്കുന്നവരിൽ തലച്ചോറിൽ ഡോപമിന്റെ അളവ് വളരെ കൂടും. അതുകൊണ്ടുതന്നെ പെട്ടെന്ന് മദ്യം ഉപേക്ഷിക്കുമ്പോൾ ഡോപമിന്റെ അഭാവം ഉണ്ടാകുകയും ഒരു ദുഃഖഭാവവും നിരാശയും എല്ലാം ആദ്യം ഉണ്ടാകുകയും ചെയ്യും.