പ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കുക എന്നുള്ളത്. ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. മിക്ക ആളുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാൽ, പഞ്ചസാരയുടെ അളവിൽ കുറവ് സംഭവിക്കുന്നതും ആരോഗ്യത്തിന് ഒരുപോലെ ഹാനികരമാണെന്ന വസ്തുത പലരും തിരിച്ചറിയുന്നില്ല.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുക എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പ്രമേഹരോഗികൾ ഭക്ഷണത്തിന് മുമ്പും ശേഷവും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) പറയുന്നു.
സമീകൃതാഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവർക്ക് ഇത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, മധുര പലഹാരങ്ങൾ തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. അത് നിയന്ത്രിക്കാൻ പ്രയാസമാണ്. പകരം ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങളും പച്ചക്കറികളും പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഘടകമാണ് പ്രോട്ടീൻ. ചിക്കൻ, മത്സ്യം അല്ലെങ്കിൽ ബീൻസ് എന്നിവ പോലുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങൾ ചേർക്കുന്നത് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഒലിവ് ഓയിൽ, വിത്തുകൾ, അവോക്കാഡോ, കൊഴുപ്പുള്ള മത്സ്യം എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഉച്ചഭക്ഷണത്തിൽ ചേർക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ജലാംശം നിലനിർത്തുക എന്നതാണ്. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ഉച്ചഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയുന്നതിനും ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് വിദഗ്ധർ പറയുന്നു.