ന്യൂഡൽഹി: കനത്ത നാശം വിതച്ച് ഉത്തരേന്ത്യയിൽ തകർത്ത് പെയ്യുന്ന മഴയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ ഭാഗങ്ങളിലായി 12 പേർ മരിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. ഡൽഹിൽ കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കൂടിയ മഴയാണ് പെയ്തിറങ്ങിയത്. നഗരത്തിൽ മണിക്കൂറിൽ153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, 1982 ന് ശേഷം ഏറ്റവും കൂടിയ മഴയാണിത്.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായിട്ടുണ്ട്. മാർക്കറ്റുകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും പല റോഡുകളും വെള്ളത്തിനടിയിലാണ്. ഫ്‌ളൈ ഓവറുകൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതം നിലച്ചു.ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. ഡൽഹിയിൽ ഫ്ലാറ്റിന്റെ സീലിംഗ് തകർന്ന് 58 കാരിയായ സ്ത്രീ മരിച്ചു. രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്.
യു.പിയിലെ മുസാഫർനഗറിൽ വീട് തകർന്ന് സ്ത്രീയും ആറുവയസ്സുള്ള മകളും മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ശനിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
ഉത്തരേന്ത്യയിലെ എല്ലാ റെക്കോർഡുകളും തകർത്ത് പെയ്യുന്ന മഴയ്ക്കിടയിൽ, ചണ്ഡീഗഢിൽ 24 മണിക്കൂറിനുള്ളിൽ 322 മില്ലിമീറ്റർ മഴ പെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സംസ്ഥാനത്തെ സർവകാല റെക്കോർഡ് മഴയാണിത്.
തുടർച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവച്ചിരുന്നെങ്കിലും കാലവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പുനരാരംഭിച്ചു. ശനിയാഴ്ച റോഡിന്റെ ഒരു ഭാഗം തകർന്ന ശ്രീനഗർ-ജമ്മു ഹൈവേയിൽ മൂവായിരത്തോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുന്ദി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.