ചെന്നൈ: നടൻ ധനുഷിനും നിർമ്മാതാവ് ഐശ്വര്യ രജനീകാന്തിനും ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. വേലയില്ലാ പട്ടധാരി സിനിമയ്ക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലെന്നായിരുന്നു കേസ്. കേസിനെതിരെ ധനുഷിന്റെ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ പുകവലിക്കെതിരായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല വാദം കോടതി തള്ളുകയായിരുന്നു.
2014ൽ റിലീസ് ചെയ്ത വേലയില്ലാ പട്ടധാരി എന്ന സിനിമയാണ് വിവാദമായത്. സിനിമയുടെ പോസ്റ്ററിൽ ധനുഷ് പല്ലിനടിയിൽ സിഗററ്റ് വെച്ച ദൃശ്യമുണ്ടായിരുന്നു. ഈ പോസ്റ്ററിനെതിരെ പരാതി ഉയരുകയായിരുന്നു. ഇത് 2003ലെ പുകവലി നിരോധന നിയമത്തിൻ്റെ ലംഘനം നടത്തി എന്നായിരുന്നു വാദം. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ കോടതി കേസെടുക്കുകയായിരുന്നു. സൈദാപ്പെട്ട് കോടതിയിൽ നടപടികൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതുള്ളൂ. ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണ്. സിനിമയുടെ പരസ്യത്തിൽ ഇങ്ങനെ എഴുതിക്കാണിക്കേണ്ടതില്ലെന്നായിരുന്നു വാദം. ആ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഐശ്വര്യ രജനീകാന്തായിരുന്നു സിനിമയുടെ നിർമ്മാതാവ്. ഈ സിനിമ വലിയ രീതിയിൽ വിജയം കൈവരിച്ച സിനിമയാണ്.