പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂൺ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു
ഇന്ന് കാലത്ത് 11.00 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ആക്ടീവ മോട്ടോർ സൈക്കിളിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചു വരികയാണ്.
അതേസമയം, തിരുവനന്തപുരത്ത് നിന്നാണ് മറ്റൊരു അപകട വാർത്ത. തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ 4 തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, ആൻ്റണി രാജു എന്നിവരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മന്ത്രിമാർ മടങ്ങുകയായിരുന്നു