മാണ്ഡി > കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇഒസികളിലും യഥാക്രമം 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. സോളൻ, ഉന ജില്ലകളിൽ 17 സെന്റീമീറ്റർ വീതവും മാണ്ഡി (12 സെന്റീമീറ്റർ), ഷിംല (9 സെന്റീമീറ്റർ), ധർമശാല (9 സെന്റീമീറ്റർ) എന്നീ ജില്ലകളിലും മഴ ലഭിച്ചു.
ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും അതിശക്തമായ മഴയാണ്. മിന്നൽ പ്രളയത്തിന്റേയും മണ്ണിടിച്ചിലിന്റേയും നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരും മണിക്കൂറിൽ ശക്തമായ മഴയാണ് ഹിമാചലിൽ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്‌ച റെക്കോർഡ് മഴയായിരുന്നു ഹിമാചലിൽ രേഖപ്പെടുത്തിയത്. മഴക്കെടുതിയിൽ 14 മരണങ്ങളുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിൽ 10 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.