പറവൂർ: പനി ബാധിച്ച വയോധികയായ വീട്ടമ്മ മരിച്ചത് ആംബുലൻസ് ഡ്രൈവറുടെ പിടിവാശി മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മയാണ് (72) മരിച്ചത്. അതിനിടെ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പറവൂർ പൊലീസ് കേസെടുത്തു. ആശുപ്രതിയിൽ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ ഡി.എം.ഒക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. ആരോപണവിധേയനായ ഡ്രൈവർ ആന്റണിയോട് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം ഡി.എം.ഒക്ക് സൂപ്രണ്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇഞ്ചക്ഷൻ കൊടുത്തശേഷം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. രോഗിയെ ആശുപത്രിയിലെ അംബുലൻസിൽ കയറ്റിയെങ്കിലും വാഹന വാടകയായ 900 രൂപ ഡ്രൈവർ മുൻകൂർ ആവശ്യപ്പെട്ടു. രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷം നൽകാമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ഡ്രൈവർ വഴങ്ങിയില്ല. തുടർന്ന് വീട്ടിലെത്തി പണവുമായി തിരിച്ചെത്തി ഡ്രൈവർക്ക് നൽകിയ ശേഷമാണ് ആംബുലൻസ് ജനറൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
ജനറൽ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് മിനിറ്റുകൾക്കും അസ്മ മരിച്ചു. ഡ്രൈവറുടെ പിടിവാശിമൂലമാണ് രോഗി മരിക്കാൻ ഇടയായതെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ഇതേതുടർന്ന് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ആന്റണിയെ അന്വേഷണ വിധേയമായി സംഭവദിവസം രാത്രി തന്നെ സസ്പെൻഡ് ചെയ്തിരുന്നു. രോഗികളുമായി ജില്ല ആശുപത്രിയിൽ എത്തിയാൽ പിന്നെ ആരും തിരിഞ്ഞുനോക്കാറില്ലെന്നും മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരാറുണ്ടെന്നുമാണ് ഡ്രൈവറുടെ ന്യായം. മുൻകൂർ പണം വാങ്ങിയ ശേഷം വണ്ടിയെടുത്താൽ മതിയെന്ന് ആശുപത്രി സൂപ്രണ്ടിന്റെ നിർദേശമുണ്ടത്രേ.
അരമണിക്കൂറിലധികമാണ് രോഗി ആംബുലൻസിൽ ആശുപത്രി വളപ്പിൽ കിടന്നത്. ഈ സമയത്ത് ഡോക്ടർമാരോ നഴ്സുമാരോ തിരിഞ്ഞു നോക്കിയതുപോലുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ആംബുലൻസ് വൈകിയതാണ് അസ്മയുടെ മരണത്തിന് ഇടയാക്കിയതെന്ന കാര്യത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. അസ്മയുടെ ചെറുമകൻ കെ.എ. മനാഫും ചിറ്റാറ്റുകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എ. താജുദ്ദീനുമാണ് ഡി.എം.ഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പറവൂർ പൊലീസ് എന്നിവർക്ക് പരാതി നൽകിയത്.