ബംഗളൂരു: ഫിനാൻസിങ് കമ്പനികളുടെ പീഡനത്തെ തുടർന്ന് എൻജിനീയറിങ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി തേജസ് നായർ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേജസിന്റെ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.
‘ഞാൻ ചെയ്മതിനൊക്കെ മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല. എന്റെ പേരിലുള്ള മറ്റു ലോണുകളൊന്നും അടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. അതുകൊണ്ട് ഇതാണെന്റെ അന്തിമ തീരുമാനം..ഗുഡ് ബൈ..’ -തേജസിന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയായിരുന്നു.
പണമിടപാട് ആപ്പുകളായ സ്ലൈസ്, കിഷ്റ്റ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയവയിൽ നിന്നാണ് കടം വാങ്ങിയതെന്നറിയുന്നു. തേജസ് പണം കടം വാങ്ങി സുഹൃത്ത് മഹേഷിന് കടം നൽകി. കഴിഞ്ഞ ഒരു വർഷമായി ഇ.എം.ഐ അടയ്ക്കുന്നതിൽ തേജസ് പരാജയപ്പെട്ടിരുന്നു.
ലോൺ ആപ്പുകളുടെ പീഡനം മൂലമാണ് മകൻ മരിച്ചതെന്ന് തേജസിന്റെ പിതാവ് ഗോപിനാഥ് നായർ ആരോപിച്ചു.‘കസിൻസിന്റെ അടുത്തുനിന്നാണ് ആദ്യം അവൻ പണം വാങ്ങിയത്. അത് തിരിച്ചുകൊടുക്കാനായാണ് ആപ്പുകളെ സമീപിച്ചത്. പലിശയടക്കം 30000 രൂപ വാങ്ങിയ അവന് 45000 രൂപ തിരിച്ചടക്കേണ്ടിവന്നു. പിന്നീട് ആപ്പിൽനിന്ന് കാശെടുത്ത് അവൻ ഒരു സുഹത്തിന് നൽകി. അയാൾക്ക് അത് സമയത്തിന് തിരിച്ചുനൽകാനായില്ല. വായ്പ തേജസിന്റെ പേരിലായതോടെ ലോൺ ആപ്പ് അധികൃതർ നിരന്തരം അവനെ പീഡിപ്പിക്കാൻ തുടങ്ങി’ -പിതാവ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കൾ ജാലഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.