സിനിമാ തിയേറ്ററുകളില്‍ പോയി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നൊരു സാഹചര്യമാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊവിഡ് 19 മഹാമാരിയുടെ വരവോടെയാണ് ഇത്തരത്തിലുള്ള സാംസ്കാരികമായ മാറ്റം സംഭവിച്ചത്.
തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടപ്പോള്‍ പലയിടങ്ങളിലും സിനിമാവ്യവസായം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ പതിയെ പിൻവലിച്ച് തുടങ്ങിയപ്പോഴാകട്ടെ സിനിമാമേഖലയും പതിയെ ഉണര്‍ന്നു.
ഇതിനിടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. വീട്ടില്‍ തന്നെ അത്യാവശ്യം നല്ലൊരു സ്ക്രീനുണ്ടെങ്കില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസാകുമ്പോള്‍ വീട്ടിലിരുന്ന് തന്നെ സൗകര്യപൂര്‍വം സിനിമ കാണാമെന്നായി. ഈ അവസരം പലര്‍ക്കും വലിയ മാറ്റമാണ് വരുത്തിയത്.
എന്തിനാണ് ഉടുത്തൊരുങ്ങി, ട്രാഫിക്കിലൂടെ വണ്ടിയോടിച്ച് കഷ്ടപ്പെട്ട്, അധികം പണവും ചെലവിട്ട് സിനിമ കാണാൻ തിയേറ്ററിലേക്ക് പോകുന്നത് എന്ന ചിന്ത വ്യാപകമാകാൻ തുടങ്ങി. ഈ പ്രതിസന്ധി തിയേറ്റര്‍ മേഖലയെ ഒന്നാകെ പിടിച്ചുലച്ചു എന്നുതന്നെ പറയാം. പല തിയേറ്ററുകളും പൂട്ടിപ്പോകുന്ന കാഴ്ച ഇതിന് പിന്നാലെ നാം കണ്ടു.
ഇപ്പോഴിതാ തിയേറ്ററുകളില്‍ വലിയ വില കൊടുത്ത് വെള്ളവും സ്നാക്സും വാങ്ങേണ്ടി വരുന്ന പ്രശ്നത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നൊരു ചര്‍ച്ചയ്ക്ക് പിന്നാലെ പുതിയ തീരുമാനം ഏവരെയും അറിയിക്കുകയാണ് പ്രമുഖ തിയേറ്റര്‍ ഗ്രൂപ്പായ പിവിആര്‍ സിനിമാസ്.
മാളുകളിലെ തിയേറ്ററുകളിലെ പോപ്കോണ്‍ വിലയും വെള്ളത്തിന്‍റെയോ മറ്റ് പാനീയങ്ങളുടെയോ സ്നാക്സിന്‍റെയോ വില സാധാരണക്കാര്‍ക്ക് താങ്ങുന്നതല്ല എന്ന പരാതി നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ത്രിദീപ് മണ്ഡല്‍ എന്നയാള്‍ ട്വിറ്ററിലൂടെ പിവിആര്‍ സിനിമാസില്‍ കുടുംബസമേതം സിനിമ കാണാനെത്തിയതിന് പിന്നാലെ തന്‍റെ കയ്യില്‍ നിന്ന് ഒരുപാട് പണം ചെലവായതായും ഇതിലും നല്ലത് ഒരു വര്‍ഷത്തേക്ക് ഒടിടി സബ്സ്ക്രിപ്ഷനെടുക്കുന്നതായിരുന്നു എന്നും നിരാശ പങ്കിട്ടതോടെയാണ് വിഷയം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചൂടൻ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
നോയിഡയിലെ പിവിആര്‍ സിനിമാസിലാണ് ത്രിദീപ് മണ്ഡലും കുടുംബവും സിനിമയ്ക്ക് പോയിരുന്നത്. സംഭവം വിവാദമായതോടെ സ്നാക്സിനും സോഫ്റ്റ് ഡ്രിംഗ്സിനുമെല്ലാം ഓഫറിട്ടിരിക്കുകയാണ് പിവിആര്‍ സിനിമാസ്.
ആഴ്ചയില്‍ തെരഞ്ഞെടുത്ത ദിവസങ്ങളില്‍ ബര്‍ഗര്‍, സാൻഡ്‍വിച്ച്, സമൂസ പോലുള്ള സ്നാക്സിനും പെപ്സിക്കുമെല്ലാം വിലക്കുറവ് നല്‍കും. ചില ദിവസങ്ങളില്‍ എത്ര പോപ്കോണും പെപ്സിയും വേണമെങ്കിലും നിശ്ചിത വിലയ്ക്ക് നല്‍കുന്ന ‘അണ്‍ലിമിറ്റഡ്’ ഓഫറും വച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ അഭിപ്രായത്തെ തങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് എടുക്കുന്നതെന്നും തിയേറ്ററില്‍ പോയി സിനിമ കാണുന്ന ഏവരുടേയും അറിവിലേക്കായിട്ടാണ് ഇക്കാര്യം അറിയിക്കുന്നതെന്നും കുറിച്ചുകൊണ്ട് ട്വിറ്ററില്‍ പിവിആര്‍ സിനിമാസ് തങ്ങളുടെ ഓഫറുകളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.
നിരവധി പേരാണ് പിവിആര്‍ സിനിമാസിന്‍റെ പുതിയ തീരുമാനത്തിന് കയ്യടിക്കുന്നത്. കൂട്ടത്തില്‍ ആദ്യമായി ഈ വിഷയം ചര്‍ച്ചയാക്കിയ ത്രിദീപ് മണ്ഡലും പ്രതികരണം അറിയിച്ചിട്ടുണ്ട്. തന്‍റെ ട്വീറ്റ് സ്പോര്‍ട്സ്മാൻ സ്പിരിറ്റോടെ പിവിആര്‍ സിനിമാസ് എടുത്തതിലും ഉചിതമായ നടപടി കൈക്കൊണ്ടതിലും ഏറെ സന്തോഷമുണ്ടെന്നും ഇതൊരു നല്ല തീരുമാനമാണ്- ഇനി വീണ്ടും തിയേറ്ററില്‍ കാണാം എന്നുമാണ് ഇദ്ദേഹം കുറിച്ചിരിക്കുന്നത്.