മഞ്ചേരി: പള്ളിക്കൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന യുവതിയെ തള്ളിയിട്ട് പരിക്കേൽപിച്ച കേസിൽ പ്രതികൾക്ക് മൂന്നുവര്‍ഷവും 10 മാസവും വീതം തടവം 8,500 രൂപ വീതം പിഴയും വിധിച്ചു. പള്ളിക്കല്‍ വെണ്ണായൂർ കൊടക്കാട്ടത്ത് അബ്ദുല്‍ ലത്തീഫ് (46), കോഴിപ്പുറം കെ.എസ് വീട്ടിൽ ജുനീര്‍ (39), പള്ളിക്കൽ മണ്ടാട്ടുപുറം വീട്ടിൽ യൂനുസ് അലി (44), വെണ്ണായൂര്‍ ഫായിസ് മന്‍സില്‍ ഫവാസ് (44), പള്ളിക്കൽ പുൽപറമ്പ് കമ്പളത്ത് വീട്ടിൽ അബ്ദുല്‍ ഹമീദ് (55) എന്നിവരെയാണ് എസ്.എസി, എസ്.ടി സ്പെഷൽ കോടതി ജഡ്ജി എൻ.പി. ജയരാജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം വീതം അധികതടവ് അനുഭവിക്കണം. 2019 നവംബർ മൂന്നിനായിരുന്നു സംഭവം. രാവിലെ 10.45ന് കോഴിപ്പുറം എ.എം.യു.പി സ്കൂളില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമസഭായോഗം ക്വോറം തികയാതെ പിരിഞ്ഞിരുന്നു. ഈ കാര്യം മിനിറ്റ്സില്‍ വാർഡ് മെംബർ കൂടിയായ പ്രസിഡൻറ് രേഖപ്പെടുത്തിയിരുന്നു.ഇതിലുള്ള വിരോധത്താൽ സംഘം ചേര്‍ന്ന് യോഗം നടക്കുന്ന മുറിയിൽവെച്ച് പ്രസിഡൻറിന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തതാണ് കേസ്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.മലപ്പുറം ഡിവൈ.എസ്.പിമാരായിരുന്ന ജലീല്‍ തോട്ടത്തില്‍, പി.സി. ഹരിദാസന് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. സാജന് സഹായിച്ചു.