ന്യൂഡൽഹി : രാജ്യത്തിന്റെ 74 ആം റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വര്‍ഷം മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതല്‍ റിപ്പബ്ലിക്ക് ദിനാചരണങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണ്ണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ രാജ്യത്ത് നടന്നിരുന്നത്. പുന:ര്‍നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആദ്യമായ് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചുള്ള 3 ലെയര്‍ സുരക്ഷയും ഡല്‍ഹി നഗരത്തില്‍ ഇന്ന് നിലവില്‍ വരും. വ്യത്യസ്ത ഭീകരവാദ സംഘടനകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പ് വിവിധ എജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.