തിരുവനന്തപുരം: എതിർത്തപ്പോഴും യോജിച്ച് നിന്ന് പ്രവർത്തിച്ചപ്പോഴുമൊക്കെ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചതെന്ന് മന്ത്രി വിഎൻ വാസവൻ. നേതൃനിരയിലേക്ക് വന്നപ്പോൾ തികഞ്ഞ ആത്മസംയമനത്തോടെയും സമചിത്തതയോടെയും പ്രശ്നങ്ങളെ സമീപിച്ചിരുന്ന ശൈലിയാണ് ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നത്. രാഷ്ട്രീയ എതിരാളികളോട് പോലും എല്ലായ്പ്പോഴും സ്നേഹ ബഹുമാനങ്ങളോടെ ഇടപെടുകയും സൗഹൃദങ്ങൾ നിലനിർത്തുകയും ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും വിഎൻ വാസവൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിലാപ യാത്രക്കൊപ്പമുള്ള വാഹന വ്യൂഹത്തോടൊപ്പം സർക്കാർ പ്രതിനിധിയായി മന്ത്രി വിഎൻ വാസവനാണ് അനുഗമിക്കുന്നത്.