മുംബൈ: സമൂഹമാധ്യമങ്ങളിൽ സർക്കാറിനെതിരെ വരുന്ന ‘വ്യാജ’വാർത്തകൾ പരിശോധിക്കുന്നതിനുള്ള ഫാക്റ്റ് ചെക്ക് യൂനിറ്റുമായി (എഫ് സി.യു) ബന്ധപ്പെട്ട വിജ്ഞാപനം സെപ്റ്റംബർ നാല് വരെ പുറപ്പെടുവിക്കില്ലെന്ന് കേന്ദ്ര സർക്കാർ ബോംബെ ഹൈകോടതിയെ അറിയിച്ചു. വിവരസാങ്കേതിക നിയമത്തിലെ (ഐ.ടി) ഭേദഗതി പ്രകാരം രൂപവത്കരിച്ചതാണ് എഫ്.സി.യു. സമൂഹമാധ്യമ പോസ്റ്റുകളിലെ വാസ്തവം കണ്ടെത്താനുള്ള അധികാരം സർക്കാറിന് തന്നെ നൽകുന്നതാണ് ഭേദഗതി.
ഭേദഗതിക്കെതിരെ കൊമേഡിയൻ കുനാൽ കംറ, എഡിറ്റേഴ്‌സ് ഗിൽഡ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻസ് എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ഗൗതം എസ്. പട്ടേൽ, നീല കെ. ഗോഖലെ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. കേന്ദ്രത്തിന്റെ വാദങ്ങൾ നിരത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഫ്.സി.യു വിജ്ഞാപനം നീട്ടിയതായി അറിയിക്കുകയായിരുന്നു. വാദിപ്രതിവാദം നടക്കുന്നതിനാൽ വിജ്ഞാനം പുറപ്പെടുവിക്കുന്നത് നേരത്തെ ഈ മാസം 28 വരെ നീട്ടിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ട വാദപ്രതിവാദം അടുത്ത രണ്ടിന് സുപ്രീംകോടതിയിൽ ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തുഷാർ മേത്ത കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച ഹൈകോടതി ഐ.ടി നിയമഭേദഗതിക്കെതിരായ ഹരജിയിലെ വാദം അടുത്തമാസം 31ലേക്ക് മാറ്റി. ഹരജിക്കാരുടെ വാദങ്ങൾ പൂർത്തിയായതാണ്. സർക്കാറിന്റെ മറുപടിയാണ് ശേഷിക്കുന്നത്.
ഭേദഗതിയുടെ ആവശ്യകത, വാർത്തയുടെ വാസ്തവം നിശ്ചയിക്കുന്നത് ആര്, എന്താണ് വ്യാജവാർത്ത എന്നതിലെ അവ്യക്തത കോടതി ചോദ്യം ചെയ്തിരുന്നു. ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും കോടതി ഓർമിപ്പിച്ചിരുന്നു.












