കാലടി > സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമികമായും ഭരണപരമായും ഭൗതികമായും കാലാനുസൃതമായി ശാക്തീകരിച്ച് നാല് വർഷ ബിരുദ പ്രോഗ്രാമുകളിലൂടെ ‘കേരള മോഡൽ നോളജ് സൊസൈറ്റി’യാക്കി ഉയർത്തുന്നതിനുളള ശ്രമങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാല് വർഷ ബിരുദ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കുസാറ്റ് എന്നീ സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, വിവിധ പഠനബോർഡ് അംഗങ്ങൾ എന്നിവരുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നയവിശദീകരണ ശില്പശാലയുടെയും ചർച്ചയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നൂതനമായ സമീപന ശൈലികളിലൂടെ നിലവിലുളള അധ്യയന രീതി കാലാനുസൃതമായി പരിഷ്കരിക്കും. ബിരുദ കോഴ്സുകളുടെ കരിക്കുലം പരിഷ്കരണത്തോടൊപ്പം നിലവിലുളള പരീക്ഷാരീതികളും പരിഷ്കരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജനപക്ഷ ബദലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വൈജ്ഞാനിക മേഖലയുടെ അതിരുകൾ വികസിക്കുന്നതിനനുസരിച്ച് വിവിധ ഇന്റർഡിസിപ്ലിനറി, മൾട്ടിഡിസിപ്ലിനറി കോഴ്സുകൾ സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ലഭ്യമാക്കും. ഓരോ സർവ്വകലാശാലയും കോളേജും അവരവരുടെ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾക്കനുസൃതമാണ് നാല് വർഷ ബിരുദ കോഴ്സുകളുടെ കരിക്കുലം ആവിഷ്കരിക്കേണ്ടത്. ഇതിന് പര്യാപ്തമായ ഒരു മാതൃക മാത്രമാണ് സർക്കാർ തയ്യാറാക്കി നൽകുക. കേരളത്തിന്റെ സമഗ്രപുരോഗതിക്ക് അനുസൃതമായ കരിക്കുലമാണ് രൂപപ്പെടുത്തണ്ടത്. മന്ത്രി പറഞ്ഞു.
ആഗോള തൊഴിൽ മാർക്കറ്റിലെ മാറ്റങ്ങൾക്കനുസരിച്ച് തൊഴിലും വിദ്യാഭ്യാസവും തമ്മിലുളള ബിരുദതലത്തിലെ വിടവ് നികത്തും. വിദ്യാർത്ഥികളുടെ ഗവേഷണ-സംരംഭകത്വ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുളള കരിക്കുലം പരിഷ്കരണമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. തുറന്നതും സംവാദാത്മകവുമായ അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സർഗ്ഗാത്മകവും ചലനാത്മകവുമാക്കും. കാലത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ബിരുദതലത്തിൽ തന്നെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് കഴിയണം. ജനപക്ഷത്ത് നിന്നുളള വൈജ്ഞാനിക സമൂഹ നിർമ്മിതിയ്ക്ക് അക്കാദമിക സമൂഹം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ അധ്യക്ഷനായി. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർ ഡോ. വി ഷഫീക്ക് പദ്ധതി അവതരണം നിർവ്വഹിച്ചു. മന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകി. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ മുത്തുലക്ഷ്മി, സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി സലിംകുമാർ, ഡോ. പി വി രാമൻകുട്ടി, ഡോ. ടോമി ജോസഫ്, പ്രൊഫ. എം മണിമോഹനൻ, ഡോ. സി എം മനോജ്കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബേബി, സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. എം ബി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.