പണ്ട് ജീവിച്ചിരുന്നതും പ്രാദേശിക പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നതുമായ, എന്നാല്‍ ഇപ്പോള്‍ വംശനാശം വന്ന ജീവികളുടെ പനഃരുജ്ജീവനവും അവയുടെ സംരക്ഷണവും ഇന്ന് ലോകമെങ്ങും വിവിധ രാജ്യങ്ങളില്‍ വളരെ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇന്ത്യയിലെ ചീറ്റ പുനരുജ്ജീവന പദ്ധതിയും ഇതിന്‍റെ ഭാഗമാണ്. ഇംഗ്ലണ്ടിലും അമേരിക്കയും ഇത്തരത്തില്‍ നിരവധി പദ്ധതികളുണ്ട്. ഇത്തരത്തില്‍ ഇംഗ്ലണ്ടില്‍ വംശനാശം വന്ന വെള്ള വാലുള്ള പരുന്തുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയായി ഇംഗ്ലണ്ടിന്‍റെ തെക്ക് ഭാഗത്ത് 240 വര്‍ഷത്തിന് ശേഷം ആദ്യമായി വെള്ള വാലുള്ള പരുന്ത് ജനിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വംശനാശം വന്ന ജീവികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഫോറസ്ട്രി ഇംഗ്ലണ്ടും റോയ് ഡെന്നിസ് വൈൽഡ് ലൈഫ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ വിജയകരമായ ബ്രീഡിംഗ് ശ്രമത്തിന് ശേഷമാണ് ഈ അത്യപൂര്‍വ്വ ഇനം പരുന്തിന്‍റെ ജനനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷികള്‍ വീണ്ടും പ്രജനനത്തിന് തിരിച്ചെത്തുമെന്ന് കരുതുന്നതിനാല്‍ കൃത്യമായി എവിടെയാണ് പരുന്തിനെ കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2.5 മീറ്റർ (8.2 അടി) വരെ ചിറകുകളുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഇരപിടിയൻ പക്ഷികളാണ് വെളുത്ത വാലുള്ള പരുന്തുകള്‍, ഒരുകാലത്ത് ഇംഗ്ലണ്ടിലുടനീളം ഇവ വ്യാപകമായിരുന്നു. 1780-ൽ തെക്കൻ ഇംഗ്ലണ്ടിലാണ് ഈ ഇനത്തിലെ അവസാനത്തെ പക്ഷിയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. മനുഷ്യന്‍റെ ഇടപെടലാണ് ഇവയുടെ വംശനാശത്തിന് കാരണമായത്.
നാച്ചുറൽ ഇംഗ്ലണ്ട് 2019 ല്‍ ആരംഭിച്ച പദ്ധതിയുടെ ഫലമായി സ്കോട്ട്‌ലൻഡിലെ കാട്ടിൽ നിന്ന് വെള്ള വാലുള്ള പരുന്തുകളെ ഐൽ ഓഫ് വൈറ്റിലേക്ക് കൊണ്ടുവന്നിരുന്നു. പദ്ധതിയുടെ ഫലമായി 2020 ല്‍ ഔട്ടർ ഹെബ്രൈഡുകളിൽ നിന്നും വടക്ക്-പടിഞ്ഞാറൻ സതർലാൻഡിൽ നിന്നും കൊണ്ടുവന്ന പക്ഷികള്‍ക്ക് ഈ വേനല്‍കാലത്ത് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന് ഫൗണ്ടേഷൻ സ്ഥാപകൻ റോയ് ഡെന്നിസ് പറയുന്നു. ‘ഒരു കാലത്ത് തെക്കന്‍ ഇംഗ്ലണ്ടില്‍ വ്യാപകമായിരുന്ന ഇവയുടെ ജനസംഖ്യ പുനസ്ഥാപിക്കുകയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അത് അസാധ്യമാണെന്നായിരുന്നു പലരും കരുതിയത്. എങ്കിലും നമ്മുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.’ അദ്ദേഹം പറഞ്ഞു. ഈ വേനല്‍ക്കാലത്ത് പൊതുജനങ്ങളുമായി പങ്കിടാന്‍ പറ്റുന്ന തരത്തില്‍ ഇവയുടെ കൂടുകള്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യയുണ്ടെന്ന് കരുതുന്നതായും അതോടൊപ്പം കൂടുതൽ ഇളം വെള്ള-വാലുള്ള പരുന്തുകളെ പുറത്തിറക്കാനുള്ള പദ്ധതികൾ ഉണ്ടെന്നും ഫോറസ്ട്രി ഇംഗ്ലണ്ട് സ്ഥിരീകരിച്ചു.