വെള്ളമുണ്ട: രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുമേഷ് ഗോപാലിനെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് വെള്ളമുണ്ട. സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലെ സ്പെഷൽ ഇഫക്ടിനാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുമേഷ് ഗോപാലിന് കിട്ടിയത്.
വഴക്കില്‍ ഷോട്ട് സ്റ്റിച്ചിങ് എന്ന വി.എഫ്.എക്സ് രീതിയാണ് പിന്തുടര്ന്നത്. പലയിടങ്ങളില്‍ നിന്നായി പലപ്പോഴായി ചിത്രീകരിച്ച ഷോർട്സുകളെ ഒറ്റ കാമറ ട്രാവലിലാണ് അവതരിപ്പിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലേക്ക് കാമറകളുമായി പിന്തുടരുന്നതും അതിനുള്ളില്നിന്നും പുറത്തേക്ക് തെറിച്ചു വീഴുന്നതുമായ കാഴ്ചകളെയെല്ലാം അതേപടി വിഷ്വല്‍ ഇഫക്ടിസിലൂടെ സീനാക്കി മാറ്റിയ മാന്ത്രികതക്കാണ് പരിഗണന ലഭിച്ചത്. അത്യധികം സൂഷ്മതയോടും കൈയടക്കത്തോടെയും പൂര്‍ത്തിയാക്കിയ പ്രോജക്ടിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സുമേഷ് പറഞ്ഞു.
ആഷിഖ് ഉസ്മാന്റെ നിർമാണത്തില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ലവ്’ എന്ന സിനിമയിലെ വിഷ്വല്‍ ഇഫക്ടിനാണ് 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്യമായി സുമേഷിനെ തേടിയെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതേ വര്‍ഷമാണ് ആദ്യമായി വി.എഫ്.എക്സിന് അവാര്‍ഡ് പരിഗണിക്കുന്നത്.
പ്രഥമ അവാര്‍ഡിന് തന്നെ ഡിജി ബ്രിക്സ് എന്റര്‍ടെയിന്‍മെന്റ് ഡയറക്ടര്‍മാരായ സുമേഷ് ഗോപാലും പാലക്കാട് നൂറണി സ്വദേശി അനീഷ് ദയാനന്ദനും പരിഗണിക്കപ്പെടുകയായിരുന്നു.
ഡിജി ബ്രിക്സ് എന്റര്‍ടെയിന്‍മെന്റ് ഇതിനകം വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് സ്പെഷല്‍ ഇഫക്ട് ഒരുക്കി. സല്യൂട്ട്, തല്ലുമാല, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചു. കേരളത്തിലെ ദൃശ്യ സാങ്കേതിക സംഘടനയായ വെക്സ്പയിൽ അംഗമാണ്.
വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നും പത്താം തരം പൂര്‍ത്തിയാക്കി ഇനി എന്ത് ചോദ്യത്തിനിടയിലാണ് ഇലക്ട്രിക്കല്‍ പഠനത്തിനായി ബംഗളൂരുവിലേക്ക് വണ്ടികയറിയത്. സഹോദരന് സുധീഷ് ആനിമേഷന്‍ പഠിക്കാനും ചേര്‍ന്നു.
ആനിമേഷനില്‍ അന്നുമുതല്‍ കണ്ണുടക്കി. അങ്ങിനെ സ്വന്തമായി ആനിമേഷനില്‍ പരീക്ഷണങ്ങള്‍ തുടങ്ങി. ഇലക്ട്രിക്കല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മുഴുവന്‍ ശ്രദ്ധയും ഇതിലായി. ഇതിനിടയില്‍ ജോലിക്കും അപേക്ഷിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ പൂണെയിലെ റിലയന്‍സ് മീഡിയ വര്‍ക്സില്‍ ജോലി കിട്ടി. ഇവിടെ നിന്നും ചില സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് വഴിത്തിരിവായത്.
ട്രാന്‍സ്ഫോമേഴ്സ്, പൈറേറ്റ്സ് ഓഫ് കരീബിയന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെയും വി.എഫ്.എക്സില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചു. 2010 ലാണ് മലയാള സിനിമയില്‍ വിഷ്വല്‍ ഇഫക്ട്സുകളുമായി ചേക്കേറിയത്. ഡി.ജി ബ്രിക്സ് എന്ന സ്ഥാപനവുമായി എറണാകുളത്തായിരുന്നു അരങ്ങേറ്റം.
സമീനയാണ് സുമേഷിന്റെ ഭാര്യ. ആര്യദേവ്, അഭിമന്യു എന്നിവരാണ് മക്കള്‍. സഹോദരങ്ങളായ സുധീഷും സുമിതയും കുടുംബാംഗങ്ങളും നാടുമെല്ലാം സുമേഷിന് രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്.