ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. മറ്റൊന്നുമല്ല ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയത്തിന് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബീറ്റാ കരോട്ടിൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, കെ, ബി 6, പൊട്ടാസ്യം, കാത്സ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. അങ്ങനെയും ഇവ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. അതിനാല്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കാം.
ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ക്യാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ എ ക്യാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് ജ്യൂസ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.