ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ വ്യാപക നാശം. ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് പേർ മരിച്ചു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായി.
ഡൽഹിയിൽ യമുനയിൽ ജലനിരപ്പ് വീണ്ടും അപകടമാം വിധം ഉയർന്നു. ഒരാഴ്ചയിലേറെയായി ഡൽഹിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടും വെള്ളപ്പൊക്കവും കൊണ്ട് പൊറുതിമുട്ടുകയാണ്. ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് യമുനയിലേക്ക് 2 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിടുന്നതിനാൽ ഡൽഹി സർക്കാർ അതീവ ജാഗ്രതയിലാണെന്ന് റവന്യൂ മന്ത്രി അതിഷി അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മഴയെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നദിയിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിലുണ്ട്. 205.33 മീറ്ററാണ് അപകടസൂചന.
കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്നായ ഹിമാചൽ പ്രദേശിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളായി അഞ്ച് പേരാണ് മരിച്ചത്. കനത്ത മഴയിൽ ഷിംലയിലെ കോട്ഖായിയിലെ കലാല ഗ്രാമത്തിൽ, മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേർ മരണമടയുകയും വീടുകൾ തകരുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂലൈ 23 മുതൽ 26 വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, കാൻഗ്ര, സിർമൗർ, കുളു, മാണ്ഡി, കിന്നൗർ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ജൂൺ 24 ന് ഹിമാചൽ പ്രദേശിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം, റോഡപകടങ്ങൾ കൂടാതെ, മണ്ണിടിച്ചിലുകൾ, മിന്നൽ വെള്ളപ്പൊക്കം, മേഘവിസ്ഫോടനം തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ 154 പേർ മരിച്ചതായി സംസ്ഥാന എമർജൻസി റെസ്‌പോൺസ് സെന്റർ അറിയിച്ചു. സംസ്ഥാനത്തിന് ഇതുവരെ 5,077 കോടി രൂപയുടെ നഷ്ടമുണ്ടായി.
പേമാരി കാരണം ജനജീവിതം ആകെ താറുമാറായിരിക്കുകയാണ്. രോഹ്‌റുവിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. അതിനിടെ പഞ്ചാബ് റോഡ്‌വേസ് ബസിന്റെ അവശിഷ്ടങ്ങൾ ശനിയാഴ്ച മണാലിയിലെ ബിയാസ് നദിക്ക് നടുവിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജൂലൈ 9ന് ചണ്ഡിഗഡിൽ നിന്ന് യാത്ര ആരംഭിച്ച ബസ് ജൂലൈ 10നാണ് മണാലിക്ക് സമീപം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി കണ്ടെത്തിയത്. സംഭവസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിൽ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ, പിത്തോരാഗഡ്, ഉത്തരകാശി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിർത്താതെ പെയ്യുന്ന മഴയിൽ മണ്ണിടിഞ്ഞ് ചമോലിയിലെ ബദരീനാഥ് ഹൈവേ തടസ്സപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച ഗുജറാത്തിന്റെ തെക്കൻ മേഖലകളിലെ നിരവധി ജില്ലകളിൽ അതിശക്തമായ മഴ പെയ്തു. വെള്ളപ്പൊക്കത്തിൽ ഗ്രാമങ്ങൾ ഒറ്റപ്പെടുകയും അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുകയും ചെയ്തു.
ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ അഹമ്മദാബാദിലെ പ്രധാന വിമാനത്താവളം വെള്ളത്തിനടിയിലായി. സുരക്ഷാ പ്രവർത്തകരാണ് പരിസരത്തെ അധിക വെള്ളം നീക്കം ചെയ്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് ധനസഹായം വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.